ബിനാലെ.. ഹാ, എന്തു രസമെന്നു കുട്ടികള്‍

225

കൊച്ചി: ബിനാലെ മുഖ്യവേദിയായ ആസ്പിന്‍വാള്‍ ഹൗസ് കുട്ടികളുടെ കളിക്കളം പോലെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. മട്ടാഞ്ചേരി ടിഡി ഹൈസ്‌കൂളിലെ 82 കുട്ടികളും തോപ്പുംപടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 88 കുട്ടികളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബിനാലെ വേദികള്‍ക്ക് ഉണര്‍വു പകരാനെത്തിയത്. സ്റ്റുഡന്റ്‌സ് പൊലീസ് കെഡറ്റുമാരായ ഇവര്‍ ബിനാലെ വേദികള്‍ ഉല്‍സാഹത്തോടെയും ആവേശത്തോടെയുമാണു കണ്ടുതീര്‍ത്തത്.

മധ്യാഹ്നം പിന്നിട്ടപ്പോള്‍ ഇന്‍സ്റ്റലേഷന്‍ മേല്‍ക്കൂരയാക്കി ഒരുസംഘം കുട്ടികള്‍ കൂട്ടംകൂടി. ബിനാലെ സംരംഭമായ ആര്‍ട്ട് ബൈ ചില്‍ഡ്രന്റെ(എബിസി) നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള കഥപറച്ചില്‍ പരിപാടിക്കുള്ള വട്ടംകൂട്ടുകയായിരുന്നു അവിടെ. പാട്ടും ചിത്രങ്ങളിലൂടെയുള്ള കഥപറച്ചിലും കൂടിയായപ്പോള്‍ കുട്ടികള്‍ക്ക് രസംപിടിച്ചു. മുതിര്‍ന്നവരും എല്ലാംമറന്ന് കഥ പറച്ചില്‍ ആസ്വദിക്കാനെത്തിയിരുന്നു. വരിയും നിരയുമൊപ്പിച്ചു നടന്നു ബിനാലെ കാണേണ്ടതില്ലെന്ന് ഓര്‍മിപ്പിക്കാന്‍ ബിനാലെ സ്ഥാപകരിലൊരാളായ ചിത്രകാരന്‍ റിയാസ് കോമു എത്തിയതോടെ തോപ്പുംപടി സ്‌കൂളിലെ കുട്ടികള്‍ ഉഷാറായി. വര ഇഷ്ടമുള്ളവര്‍ക്ക് കലാസൃഷ്ടികളെപ്പറ്റി കൂടുതല്‍ പഠിക്കാനായി ബിനാലെ കൈപ്പുസ്തകവും റിയാസ് കോമു സമ്മാനിച്ചു.

അധ്യാപകനായ ജി. വെങ്കിടേഷിനും പരിശീലകനായ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ ഫ്രാന്‍സിസിനുമൊപ്പമെത്തിയ ടിഡി സ്‌കൂളിലെ കുട്ടികള്‍ ബിനാലെ മുന്‍പു കണ്ടിട്ടില്ലാത്ത പുതിയൊരു ലോകത്തില്‍ തങ്ങളെയെത്തിച്ചതായി ഒറ്റസ്വരത്തില്‍ പറഞ്ഞു. ഓരോ വേദിയും വിശദമായി കണ്ട്, സംശയങ്ങള്‍ ചോദിച്ചറിഞ്ഞ് കലാധ്യായനത്തിനു ലഭിച്ച അവസരം നന്നായി പ്രയോജനപ്പെടുത്തുകയായിരുന്നു കുട്ടികള്‍.

പുത്തന്‍ ആശയങ്ങള്‍ മനസ്സിലുണര്‍ത്താന്‍ ഇതുപോലുള്ള വേദികള്‍ സഹായിക്കുമെന്ന് സംഘത്തിലെ കൊച്ചു ചിത്രകാരനായ അച്യുതന്‍ പറഞ്ഞു. റൗള്‍ സുറിതയുടെയും സീ ഓഫ് പെയ്‌നും അലെസ് സ്റ്റീഗറുടെ പിരമിഡും ഏറെ ആസ്വദിക്കാനായതായി അധ്യാപകനായി വെങ്കിടേഷ് പറഞ്ഞു. കടല്‍വെള്ളം നിറച്ച റൗള്‍ സുറിതയുടെ ഇന്‍സ്റ്റലേഷനാണ് ഏറെ ഇഷ്ടമായതെന്നു കുട്ടികള്‍. അല്‍പം കടല്‍വെള്ളത്തില്‍ പാന്റും ചെരിപ്പുമൊക്കെ നനഞ്ഞപ്പോള്‍ത്തന്നെ നമുക്ക് പ്രശ്‌നം. അപ്പോള്‍ കടലുകള്‍ കടന്ന് നാടുപേക്ഷിച്ചു പോകേണ്ടി വന്ന അഭയാര്‍ഥികളുടെ വേദനയോ..? അധ്യാപകരും കുട്ടികളും ചോദിക്കുന്നു.

പി.കെ. സദാനന്ദന്റെ പറയിപെറ്റ പന്തിരുകുലവും കുട്ടികളും അധ്യാപകരും ആസ്വദിച്ചു. പ്രകൃതിയിലെ നിറങ്ങള്‍ കൊണ്ടു അതിഗംഭീരമായ ചിത്രമാണു സദാനന്ദന്‍ തീര്‍ക്കുന്നതെന്ന് അഭിന്ദിക്കുകയും ചെയ്തു സംഘാംഗങ്ങള്‍.

കുട്ടികളുടെ ചിരിക്കിലുക്കത്തില്‍ മുങ്ങിയായിരുന്നു കഥപറച്ചില്‍ പരിപാടികള്‍. സര്‍ക്കസ് കോമാളിയുടെ വേഷത്തിലെത്തിയ അഖിലും അരുണും കുട്ടികളെ പാട്ടുപാടിപ്പിച്ചു, ചിത്രങ്ങള്‍ കൊണ്ടു കഥ പറഞ്ഞു. എബിസി സംഘാടകനായ മനു ജോസും ഒപ്പം കൂടി. ഇത്രയും സന്തോഷം തോന്നിയ ദിവസമില്ലെന്നായി കുട്ടികള്‍. തിരിച്ചുപോകുമ്പോള്‍ അവരുടെ ചുണ്ടിലുണ്ടായിരുന്നു അഖിലും അരുണും പാടിക്കൊടുത്ത പാട്ട്..
‘രാമന്‍നായര്‍ക്കു തോട്ടമുണ്ട് ആറടിപ്പൊക്കത്തില്
തോട്ടത്തിലൊരു നായയുണ്ട് ആറടിപ്പൊക്കത്തില്… ‘

NO COMMENTS

LEAVE A REPLY