കൊച്ചി മുസിരിസ് ബിനാലെയുടെ ആരാധകരായി വിദേശ ബിനാലെ ക്യുറേറ്റര്‍മാര്‍

196

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ അതുല്യമായ അനുഭവമാണു പകരുന്നതെന്നു പറയുമ്പോള്‍ ലിവര്‍പൂള്‍ ബിനാലെ സ്ഥാപകനായ ലൂയിസ് ബിഗ്‌സിനും ഐച്ചി ട്രിനാലെ ക്യുറേറ്റര്‍ ഷിഹോകോ ലിദയ്ക്കും ഒരേ സ്വരം. 1998ല്‍ വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ കേന്ദ്രമായി തുടങ്ങിയ ലിവര്‍പൂള്‍ ബിനാലെ ലോകത്തിലെ ഒന്നാംനിര ബിനാലെകളിലൊന്നാണ്. ബിനാലെ ജപ്പാനിലെ നയോഗയില്‍ 2010-ലാണ് ഐച്ചി ട്രിനാലെയ്ക്കു തുടക്കമായത്.

കൊച്ചി ബിനാലെയുടെ രണ്ടാംവാരം വിദേശ ക്യുറേറ്റര്‍മാരുടെ സന്ദര്‍ശനങ്ങള്‍ കൊണ്ടു ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇവിടുത്തെ സ്ഥലങ്ങളും ജനങ്ങളും ചരിത്ര, ഭൂമിശാസ്ത്ര സവിശേഷതകളുമെല്ലാം ലോകത്തെ മറ്റു ബിനാലെകളില്‍നിന്ന് കൊച്ചി ബിനാലെയെ വേറിട്ടുനിര്‍ത്തുകയാണെന്നും ഇവര്‍ പറയുന്നു. കലാമേളകളുടെ കാര്യത്തിലും കൊച്ചി ബിനാലെയ്ക്ക് സവിശേഷതകളുണ്ട.് ഇത്തവണ ദൃശ്യകലാരൂപങ്ങളും നൃത്തവും സംഗീതവുമെല്ലാമുള്‍പ്പെട്ടിട്ടുള്ളതിനാല്‍ കൂടുതല്‍ കാഴ്ചക്കാരെത്തുന്നുണ്ടെന്നത് സന്തോഷം പകരുന്നതായും ബിഗ്‌സ് പറഞ്ഞു.

2011 മുതല്‍ ലിവര്‍പൂള്‍ ബിനാലെയുടെ ചുക്കാന്‍ പിടിക്കുന്ന ബിഗ്‌സ്, ഇവിടുത്തെ ബിനാലെ കാണാനാണ് കൊച്ചിയിലെത്തിയത്. ബിനാലെകള്‍ക്ക് എപ്പോഴും ആകര്‍ഷകമായ ശീര്‍ഷകങ്ങള്‍ കൊടുക്കാനാണു ക്യുറേറ്റര്‍മാരുടെ ശ്രമമെന്ന് ഉള്‍ക്കാഴ്ചകളുരുവാകുന്നിടം എന്ന ബിനാലെ പ്രമേയത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. നല്ല തലക്കെട്ടുകള്‍ കാഴ്ചക്കാര്‍ക്ക് ഇഷ്ടമാണ്. മനോഹരമായ ഫോര്‍ട്ട് കൊച്ചി ഭൂപ്രദേശങ്ങള്‍ കാണികളെ സ്വാധീനിക്കുമെന്നും ബിഗ്‌സ് പറഞ്ഞു. പല സംസ്‌കാരങ്ങളുടെ സ്വാധീനമുള്ള പുരാതനമായ ഫോര്‍ട്ട് കൊച്ചിയിലെ ജനതയ്ക്ക് പുതിയ ജീവിതബോധം പകരുന്നുവെന്നതിലാണ് കൊച്ചി ബിനാലെയുടെ ചരിത്രപരമായ പ്രാധാന്യമെന്നും ടോക്കിയോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഷിഹോകോ ലിദ പറഞ്ഞു.

പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ ഇവിടെ ഒരുപാടു മാറ്റങ്ങള്‍ നടന്നിട്ടുണ്ട്. ഭൂതകാലത്തെ മറക്കാനാണു ജനങ്ങള്‍ ശ്രമിക്കുക. ഈ ബിനാലെ കഴിഞ്ഞ കാലങ്ങളെ ഓര്‍മിപ്പിക്കുകയും പുതിയൊരു ഭാവി കെട്ടിപ്പടുക്കുകയുമാണ്.
പൈതൃകഭംഗിയും പ്രകൃതിഭംഗിയും തുളുമ്പുന്ന വേദികള്‍ ഏറെ ആകര്‍ഷിച്ചതായും ലിദ പറഞ്ഞു. കൊളോണിയല്‍ കാലത്തെ ഓര്‍മിപ്പിക്കുന്ന പൈതൃക ഇടങ്ങളാണ് ഓരോ വേദികളും. കൊച്ചിയുടെ ഭൂമിശാസ്ത്രവും ചരിത്രവുമാണ് ഇത് ഓര്‍മയില്‍ കൊണ്ടുവരുന്നതെന്നും ലിദ പറയുന്നു. പരിസ്ഥിതിയെ നോവിക്കാത്ത സജ്ജീകരണങ്ങളും വളരെ ഊഷ്മളമാണ്. താന്‍ കൊച്ചി മുസിരിസ് ബിനാലെയുടെ ആരാധകനായിക്കഴിഞ്ഞെന്നും അടുത്ത പതിപ്പിനായി ഇപ്പൊഴേ കാത്തിരിക്കുകയാണെന്നും ലിദ പറയുന്നു.

NO COMMENTS

LEAVE A REPLY