ഉറിയിലുണ്ടായ ഭീകരാക്രമണം കശ്മീരില്‍ ഇന്ത്യ നടത്തുന്ന അതിക്രമങ്ങളോടുള്ള അവിടുത്തെ ജനങ്ങളുടെ പ്രതികരണമെന്ന് നവാസ് ഷെരീഫ്

190

ഇസ്ലാമാബാദ്: ഉറിയിലുണ്ടായ ഭീകരാക്രമണം കശ്മീരില്‍ ഇന്ത്യ നടത്തുന്ന അതിക്രമങ്ങളോടുള്ള അവിടുത്തെ ജനങ്ങളുടെ പ്രതികരണമാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ആക്രമണത്തിന്റെ പേരില്‍ ഒരു തെളിവുമില്ലാതെ പാകിസ്താനെ ഇന്ത്യ കുറ്റപ്പെടുത്തകയാണെന്നും ഷെരീഫ് പറഞ്ഞു.കശ്മീരികള്‍ക്ക് കഴിഞ്ഞ രണ്ടുമാസമായി ഉറ്റവരെ നഷ്ടപ്പെട്ടവരും കാഴ്ചശക്തി പോയവരുടെ ബന്ധുക്കളും അടക്കം മാനസികമായി മുറിവേറ്റ ആരുടെയെങ്കിലും പ്രതികരണമാകാം ഉറിയിലെ ആക്രമണം. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത ശേഷം മടങ്ങവെ ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ച മാധ്യമങ്ങളോടാണ് നവാസ് ഷെരീഫ് ഇക്കാര്യം പറഞ്ഞത്.ആക്രണം നടന്ന ഉടന്‍ ഒരന്വേഷണവും നടത്താതെ പാകിസ്താന് മേല്‍ കുറ്റം ആരോപിക്കുകയാണ് ഇന്ത്യ. ഉത്തരവാദിത്വരഹിതമായാണ് ഇന്ത്യ പ്രതികരിക്കുന്നത്. പാകിസ്താന് മേല്‍ കുറ്റം ആരോപിക്കാന്‍ എന്ത് തെളിവാണ് ഇന്ത്യയുടെ പക്കലുള്ളതെന്നും അദ്ദേഹം ചോദിച്ചു.കശ്മീരില്‍ ഇന്ത്യന്‍ സേന 108 പേരെ കൊലപ്പെടുത്തുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് കാടത്തമല്ലേ, കാടത്തത്തേയും പീഡനത്തേയും കുറിച്ച്‌ ഇന്ത്യ സംസാരിക്കരുതെന്നും ഷെരീഫ് പറഞ്ഞു.കശ്മീരിലെ ഉറിയിലുണ്ടായ ഭീകാരക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. ആക്രണത്തിന് പിന്നില്‍ പാകിസ്താനാണെന്നാണ് ഇന്ത്യയുടെ ആരോപണം.

NO COMMENTS

LEAVE A REPLY