കശ്മീര്‍ വിഷയത്തില്‍ യു.എന്‍ ഇടപെടലിനുള്ള പാക് ശ്രമം പരാജയപ്പെട്ടു; നവാസ് ഷെരീഫിന്റെ ആവശ്യം യു.എന്‍ സെക്രട്ടറി ജനറല്‍ നിരസിച്ചു

202

ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ യു.എന്‍ ഇടപെടലിനുള്ള പാക് ശ്രമം പരാജയപ്പെട്ടു. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആവശ്യം യു.എന്‍ സെക്രട്ടറി ജനറല്‍ നിരസിച്ചു.ഇത് രണ്ട് രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണെന്നും യുഎന്‍ ഇടപെടില്ലെന്നും സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.യു.എന്‍ സമ്മേളത്തിന്റെ ഭാഗമായി ബാന്‍ കി മൂണുമായുളള കൂടിക്കാഴ്ചയ്ക്കിടെ കശ്മീരില്‍ ഇന്ത്യന്‍ സേന മനുഷ്യാവകാശലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി നവാസ് ഷെരീഫ് സമര്‍പ്പിച്ച ഫയലുകള്‍ പരിഗണിച്ച ശേഷമായിരുന്നു ബാന്‍ കി മൂണിന്റെ ഈ പ്രതികരണം.കശ്മീര്‍ ഉള്‍പ്പടെയുള്ള ഇന്ത്യ-പാക് വിഷയങ്ങള്‍ ഇരുരാജ്യങ്ങളും മുന്‍കൈയെടുത്ത് സംസാരിച്ച്‌ പരിഹരിക്കണം. ഇരുരാജ്യങ്ങളും സംയുക്തമായി ആവശ്യപ്പെട്ടാല്‍ യുഎന്നിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചര്‍ച്ചയ്ക്കയക്കാമെന്നും ബാന്‍കി മൂണ്‍ അറിയിച്ചു.
ഹിസ്ബുള്‍ നേതാവ് ബുര്‍ഹാന്‍ വാനി ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടതിനെ കുറിച്ചും പാക് അധിനിവേശ കശ്മീരില്‍ നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചും സ്വതന്ത്ര അന്വേഷണം വേണമെന്നും ഷെരീഫ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ നയങ്ങളുമായി ഒത്തുപോകാന്‍ ഇന്ത്യ ശ്രമിക്കണമെന്ന ആവശ്യവും ഷെരീഫ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.കശ്മീര്‍ വിഷയത്തില്‍ യുഎന്‍ ഇടപെടലിനായുളള ഷെരീഫിന്റെ മാസങ്ങളായുളള ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്. യുഎന്നിന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യ-പാക് ചര്‍ച്ചകളിലെല്ലാം തന്നെ കശ്മീര്‍ വിഷയം നവാസ് ഷെരീഫ് ചര്‍ച്ചാ വിഷയമാക്കിയിരുന്നു.
ഇത് കൂടാതെ നിരവധി തവണ കശ്മീര്‍ വിഷയത്തില്‍ യുഎന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബാന്‍കി മൂണിന് നവാസ് ഷെരീഫ് കത്തുകളും അയച്ചിരുന്നു. എന്നാല്‍ യുഎന്‍ സമ്മേളനത്തില്‍ നടത്തിയ മുഖ്യമായ പ്രസംഗത്തില്‍ ബാന്‍ കി മൂണ്‍ കശ്മീര്‍ വിഷയം പരാമര്‍ശിച്ചില്ല.മ്യാന്‍മര്‍, ശ്രീലങ്ക, കൊറിയ, പലസ്തീന്‍, സിറിയയിലെ അഭയാര്‍ത്ഥികളുടെ അവസ്ഥ തുടങ്ങി നിരവധി രാജ്യാന്തര പ്രശ്നങ്ങള്‍ യു.എന്‍ സമ്മേളനത്തില്‍ ഇത്തവണ ചര്‍ച്ചചെയ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY