കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഇന്ന് കോട്ടയത്ത്

226

കോട്ടയം: ഭാവി രാഷ്ട്രീയ സമീപനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഇന്ന് കോട്ടയത്ത് ചേരും . ഇടതു സഹകരണത്തിനുള്ള സി.പി.ഐ എം ക്ഷണം കെ എം മാണി തള്ളാത്ത പശ്ചാത്തലത്തിലാണ് യോഗം.
യുഡിഎഫ് വിടാനും എല്ലാ മുന്നണികളോടും സമദൂര നിലപാട് സ്വീകരിക്കാനുമുള്ള ചരൽക്കുന്ന് ക്യാമ്പ് തീരുമാനം അംഗീകരിക്കുക എന്നതാണ് സംസ്ഥാന കമ്മിറ്റിയുടെ മുഖ്യ അജണ്ട .അതേ സമയം എല്ലാവരോടും പ്രശ്നാധിഷ്ഠിത സഹകരണമെന്ന മാണി ലൈന് ആദ്യം കൈ കൊടുത്തത് സി.പി.ഐ എമ്മാണ് .വര്‍ഗീയതക്കെതിരെ ഐക്യ നിരയെന്ന സി.പി.ഐ എം ലൈൻ മാണിയും തള്ളുന്നില്ല . മാണിയുമായി കൈ കോര്‍ക്കുന്നതിനെ തുടക്കം മുതൽ സി.പി.ഐ എതിര്‍ക്കുന്നു . എതിര്‍ ചേരിയിൽ കരുത്തോടെ വി.എസും നില്‍ക്കുന്നു . ഈ പശ്ചാത്തലത്തിലാണ് ഇടതു ക്ഷണം കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി മുമ്പാകെ വരുന്നത് . ഒറ്റയടിക്ക് ഇടതുമായി സഖ്യസാധ്യതയുണ്ടെന്ന് പാര്‍ട്ടി കരുതുന്നില്ല . എന്നാൽ അതിലേയ്ക്കുള്ള വഴി അടയ്ക്കേണ്ടെന്നാണ് നേതൃത്വത്തിന്റെ ചിന്ത . അതിന് വഴിയൊരുക്കുന്ന സമീപനമാകും കേരള കോണ്‍ഗ്രസിൽ നിന്നുണ്ടാവുക. പ്രത്യേകിച്ചും മാണിക്കെതിരെ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍
അതേ സമയം ഇടതു ചേരിയിലെ തന്‍റെ കടുത്ത വിരോധികള്‍ക്ക് മാണി മറുപടി പറയാനാണ് സാധ്യത. ബി.ജെ.പിയുമായി കൂട്ടിനില്ലെന്ന നയം വ്യക്തമാക്കലും പ്രതീക്ഷിക്കുന്നു. മാണിയുടെ നിലപാടിന് അപ്പുറമുള്ള ചര്‍ച്ച സംസ്ഥാന കമ്മിറ്റിയിലുണ്ടാകാനുള്ള സാധ്യത ഇല്ല .അതേ സമയം ചരല്‍ക്കുന്നിൽ ഒറ്റക്കെട്ടെങ്കിലും അഞ്ചാം ദിവസം പാര്‍ട്ടിയിൽ ഭിന്നത തല പൊക്കിയ പശ്ചാത്തലത്തിലാണ് യോഗം. ഭിന്ന സ്വരം ആദ്യം പ്രകടിപ്പിച്ച മോന്‍സ് ജോസഫിന്‍റെ മണ്ഡലമായ കടുത്തുരത്തിയിൽ പോലും തനിക്കാണ് പിന്തുണയെന്ന് മാണി ഉറപ്പിച്ചു . മുന്നണി ബന്ധം വേണം , ബി.ജെ.പി സഖ്യം പാടില്ല എന്നീ നിലപാടുകളാണ് ജോസഫ് ഗ്രൂപ്പിന്‍റേത് .

NO COMMENTS

LEAVE A REPLY