മലയാളികളെ ഐഎസിലേക്കു റിക്രൂട്ട് ചെയ്ത പ്രധാനപ്രതി പിടിയില്‍

175

കണ്ണൂര്‍: കാസര്‍ഗോഡ് നിന്ന് കാണാതായവരടക്കം നിരവധി പേരെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്തെന്ന് സംശയിക്കുന്ന പ്രധാന കണ്ണിയെ കണ്ണൂരിൽ പൊലീസ് പിടികൂടി. വയനാട് കമ്പളക്കാട് സ്വദേശി ഹനീഫിനെ കഴിഞ്ഞ ദിവസം തലശ്ശേരി പെരങ്ങിത്തൂരിൽ വെച്ചാണ് പിടികൂടിയത്. കാസര്‍ഗോഡു നിന്നടക്കം നാടുവിട്ട 11 പേരും, ഐ.എസ് ബന്ധമുള്ള കേസുകളിൽ ഉൾപ്പെട്ടവരും ഇയാളുടെ മതപഠന ക്ലാസുകളിൽ പങ്കെടുത്തിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം.
പെരിങ്ങത്തൂരിലെ ഒരു പള്ളിക്ക് സമീപം വെച്ച് കഴിഞ്ഞ രാത്രിയിലാണ് ഹനീഫിനെ കണ്ണൂര്‍ ഡിവൈഎസ്‍പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ തേടി കണ്ണൂരിലെത്തിയ മുബൈയിൽ നിന്നുള്ള സംഘം രഹസ്യകേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്ത ശേഷമാണ് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തീവ്ര സലഫി സ്വഭാവമുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഇയാൾ കാസര്‍ഗോട്ടെ പടന്ന, കണ്ണൂരിലെ പയഞ്ചേരി മുക്ക് എന്നിവിടങ്ങളിലെ സലഫി പള്ളികളിൽ ഇമാമായി ജോലി ചെയ്തതിന് പുറമെ, സലഫി ആശയമുള്ള മതപഠന ക്ലാസുകളും സംഘടിപ്പിച്ചിരുന്നു.
കാസര്‍ഗോഡടക്കം വിവിധ ഇടങ്ങളിൽ നിന്നായി നാടുവിട്ട 11 പേരും ഇയാളുടെ മതപഠന ക്ലാസുകളിൽ പങ്കെടുത്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കേസിൽ പിടിയിലായവരുടെ മൊഴിയനുസരിച്ചും, ഹനീഫിന്‍റെ ഫോൺ രേഖകളും ഇയാളെടുത്ത ക്ലാസുകളും പരിശോധിച്ച ശേഷമാണ് അറസ്റ്റ്. സലഫി ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലും, മറ്റു പരിശീലനങ്ങളിലും പ്രധാന കണ്ണിയാണ് ഇയാളെന്നാണ് പൊലീസ് നൽകുന്ന വിവരം. കാസര്‍ഗോഡ് നിന്ന് കാണാതായവരടക്കമുള്ളവരെ ഐ എസിലേക്ക് ആകര്‍ഷിക്കുന്നതിലും മതംമാറ്റുന്നതിലും ഇയാൾക്കുള്ള പങ്ക് സംബന്ധിച്ച കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ മുംബൈ പൊലീസ് കൊണ്ടുപോകും.

NO COMMENTS

LEAVE A REPLY