സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി: ആരോഗ്യമന്ത്രി

261

തിരുവനന്തപുരം; സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന കേരള മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആക്റ്റ് ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. എം സ്വരാജിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഓര്‍ഡിനന്‍സ് പ്രകാരം രൂപീകൃതമാകുന്ന അഡ്മിഷന്‍ ആന്‍ഡ് ഫീസ് റഗുലേഷന്‍ കമ്മിറ്റിക്ക് വിപുലമായ അധികാരങ്ങളുണ്ട്. ഫീസ് നിശ്ചയിക്കുന്നതിനായി സ്ഥാപനങ്ങളില്‍നിന്ന് രേഖകള്‍ വിളിച്ചുവരുത്തും. ഒരു അക്കാദമിക വര്‍ഷം ആ വര്‍ഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ. ഒന്നിലധികം വര്‍ഷത്തെ ഫീസ് ഈടാക്കിയാല്‍ തലവരി വാങ്ങിയതായി കണക്കാക്കി നടപടിയെടുക്കും. രേഖകള്‍ കണ്ടെത്തി പരിശോധിക്കല്‍, സാക്ഷികളെ വിസ്തരിക്കല്‍, സത്യവാങ്മൂലംവഴി തെളിവ് സ്വീകരിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കമ്മിറ്റിക്ക് സിവില്‍ കോടതിയുടെ അധികാരമുണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓര്‍ഡിനന്‍സ് വ്യവസ്ഥ ലംഘിച്ചു നടത്തുന്ന പ്രവേശനം അസാധുവായി പ്രഖ്യാപിക്കുന്നതിന് കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്യാം. പ്രഖ്യാപനം വന്നാലുടന്‍ സ്ഥാപനം പ്രവേശനം റദ്ദാക്കണം. മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY