അരൂര്‍ ജീപ്പ് അപകടം : മൂന്നുപേരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെത്തി

231

അരൂര്‍ • ദേശീയപാത 47ല്‍ അരൂര്‍-കുമ്പളം പഴയ പാലത്തില്‍നിന്നു ജീപ്പ് കായലിലേക്ക് മറിഞ്ഞ് കാണാതായ അഞ്ചുപേരില്‍ മൂന്നുപേരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ അപകടത്തില്‍ അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചു. ഇന്നലെ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മരിച്ചവരില്‍ ഡ്രൈവര്‍ അരൂക്കുറ്റി സ്വദേശി നിജാസ് അലിയും ഉള്‍പ്പെടുന്നു. മധു, ഹിമാല്‍, ശ്യാം, ഗോമാന്‍ എന്നിങ്ങനെ നാലുപേര്‍ നേപ്പാള്‍ സ്വദേശികളാണ്. അപകടത്തില്‍പ്പെട്ട ജീപ്പ് ഇന്നലെ പുലര്‍ച്ചെ 1.15-ഓടെ ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസസ് കായലില്‍നിന്ന് ഉയര്‍ത്തിയിരുന്നു. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണു ജീപ്പ് പാലത്തിന്റെ കൈവരി തകര്‍ത്തു കായലില്‍ വീണത്. പന്തല്‍ നിര്‍മാണത്തൊഴിലാളികളായ ഇവര്‍ ബോള്‍ഗാട്ടി പാലസിലെ ജോലിക്കുശേഷം ചേര്‍ത്തല പാണാവള്ളിയിലെ താമസസ്ഥലത്തേക്കു പോകുമ്ബോഴായിരുന്നു ദുരന്തം. വാഹനത്തിലുണ്ടായ ഒന്‍പതുപേരില്‍ നാലു പേരെ അപ്പോള്‍തന്നെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. അമിതവേഗത്തിലെത്തിയ ജീപ്പ് ഇടതുവശത്തുകൂടി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ പാലത്തിന്റെ കൈവരി ഇടിച്ചുതകര്‍ത്തു മറിയുകയായിരുന്നുവെന്നാണു പൊലീസിന്റെ നിഗമനം.