ജിഷ വധക്കേസ്: നാളെ തിരിച്ചറിയല്‍ പരേഡ്

227

കാക്കനാട്: ജിഷ വധക്കേസിലെ പ്രതി അമിറുള്‍ ഇസ്ലാമിന്റെ തിരിച്ചറിയല്‍ പരേഡ് നാളെ നടക്കും. ഇയാളെ പാര്‍പ്പിച്ചിരിക്കുന്ന കാക്കനാട് ജയിലില്‍ വെച്ചാണ് തിരിച്ചറിയല്‍ പരേഡ് നടത്തുക. അമിറുളിനെ കണ്ട നാട്ടുകാരെക്കൂടാതെ ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്നവരും താമസിച്ചിരുന്നവരും ഉള്‍പ്പെടെയുള്ള അന്യസംസ്ഥാനക്കാരെയും ഉള്‍പ്പെടുത്തിയാണ് തിരിച്ചറിയല്‍ പരേഡ് നടത്തുക.
തിരിച്ചറിയല്‍ പരേഡിന് ഹാജകരാകണമെന്ന് കാട്ടി പോലീസ് സാക്ഷികള്‍ക്ക് സമന്‍സ് അയച്ചുതുടങ്ങി. തെളിവെടുപ്പിനായി പ്രതിയുമായി അസം, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ടതിനാലാണ് നാളെത്തന്നെ തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്. അമിറുളിനൊപ്പം ഏതാനും അന്യസംസ്ഥാന തൊഴിലാളികളേയും തിരിച്ചറിയല്‍ പരേഡിനായി ഹാജരാക്കുന്നുണ്ട്. ഇതിനായി ചില അന്യസംസ്ഥാന തൊഴിലാളികളെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
റിമാന്‍ഡ് അപേക്ഷക്കൊപ്പം തിരിച്ചറിയല്‍ പരേഡ് നടത്താനുള്ള അപേക്ഷയും പോലീസ് കോടതിയില്‍ നല്‍കിയിരുന്നു. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് പരേഡ് ജയിലില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചത്.