പുതുവര്‍ഷരാവില്‍ കൊച്ചിക്ക് ആവേശമാകാന്‍ പപ്പാഞ്ഞി ഒരുങ്ങുന്നു

214

കൊച്ചി: ഡിസംബര്‍ 31 രാത്രി 12ന്, 2016 അവസാനിച്ച് 2017ലേക്ക് കടക്കുന്ന നിമിഷത്തെ ആഹ്ലാദഭരിതമാക്കാന്‍ പപ്പാഞ്ഞി ഒരുങ്ങുകയാണ്. ഇത്തവണയും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നിയോഗിച്ച കലാകാരന്‍മാരുടെ നേതൃത്വത്തിലാണ് കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായ പപ്പാഞ്ഞി ഒരുങ്ങുന്നത്. 37 അടി നീളമുള്ള കൂറ്റന്‍ രൂപമാണ് ഇത്തവണ പപ്പാഞ്ഞിക്ക്. ശില്‍പികളായ കെ. രഘുനാഥനെയും കെ.ജി.ആന്റോയെയുമാണ് പപ്പാഞ്ഞി നിര്‍മാണത്തിനു ചുക്കാന്‍ പിടിക്കാന്‍ ബിനാലെ അധികൃതര്‍ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. ഇവരുടെ നേതൃത്വത്തില്‍ കലാകാരന്മാരും തൊഴിലാളികളുള്‍പ്പെടെ ഇരുപതോളം പേരാണ് കൂറ്റന്‍ പപ്പാഞ്ഞിക്കു ജീവന്‍ പകരാന്‍ രാപകല്‍ പണിയെടുക്കുന്നത്.

അഞ്ചു ദിവസം മുന്‍പാണ് നിര്‍മാണം തുടങ്ങിയത്. ഐഎന്‍സ് ദ്രോണാചാര്യയുടെ സമീപം സ്വകാര്യ ഭൂമിയിലാണ് ഇത്തവണ തയാറാക്കുന്നത്.. പപ്പാഞ്ഞി കത്തിക്കുന്ന കടലോരത്തിന് സമീപമാണിത്. ലോകത്ത് കൊച്ചിയില്‍ മാത്രമാണ് പുതുവര്‍ഷത്തെ പപ്പാഞ്ഞി കത്തിച്ചു വരവേല്‍ക്കുന്നത്. ജാതമതഭേദമില്ലാതെ ജനങ്ങള്‍ സാക്ഷികളാകാന്‍ ഫോര്‍ട്ട് കൊച്ചി കടപ്പുറത്തു വന്നുചേരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പപ്പാഞ്ഞി കത്തിച്ച കടലോരം കടലെടുത്തു പോയതിനാല്‍ ഇത്തവണ ബാസ്റ്റ്യന്‍ ബംഗ്ലാവിനും കൊച്ചിന്‍ ക്ലബിനും സമീപത്തെ കടലോരത്തായിരിക്കും കത്തിക്കുകയെന്ന് കൊച്ചിന്‍ കാര്‍ണിവല്‍ ജനറല്‍ സെക്രട്ടറി വി.ഡി.മജീന്ദ്രന്‍ അറിയിച്ചു.

ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് തിങ്ങിക്കൂടുന്ന ആയിരങ്ങള്‍ ആട്ടവും പാട്ടവുമായി ആഘോഷത്തിലായിരിക്കും. കൃത്യം പന്ത്രണ്ടാകുമ്പോള്‍ പപ്പാഞ്ഞിക്കു തീകൊടുക്കും. ആ തീവെട്ടത്തിലാണ് പുതുവര്‍ഷത്തിന്റെ പുതുപ്രകാശത്തെ ഫോര്‍ട്ട് കൊച്ചി വരവേല്‍ക്കുന്നത്. കൊച്ചിയിലെ പോര്‍ച്ചുഗീസ്, ഡച്ച് ഇംഗ്ലീഷ് അധിനിവേശ ഭരണത്തിന്റെ ബാക്കിപത്രമായാണ് പപ്പാഞ്ഞിയുടെ പിറവി. പപ്പാഞ്ഞി ഒരു പോര്‍ച്ചുഗീസ് വാക്കാണ്. അപ്പൂപ്പന്‍ എന്ന് അര്‍ഥം. അത് വിട പറഞ്ഞു പോകുന്ന കാലത്തെയാണു സൂചിപ്പിക്കുന്നതെന്നു പറയാം.

എണ്‍പതുകള്‍ മുതലാണ് പപ്പാഞ്ഞി കത്തിക്കല്‍ ഉല്‍സവം പോലെ ഫോര്‍ട്ട് കൊച്ചി ആഘോഷിച്ചു തുടങ്ങിയത്. കൊച്ചി-മുസിരിസ് ബിനാലെയ്ക്കു തുടക്കമായതിനു ശേഷം ബിനാലെ ഫൗണ്ടേഷന്‍ പപ്പാഞ്ഞി നിര്‍മാണത്തിനു കലാകാരന്‍മാരെ നിയോഗിച്ചു. ഇത് അതിന് കലാപരമായ മാനം നല്‍കി. പപ്പാഞ്ഞിയുടെ വ്യത്യസ്ത മാതൃകയാണ് ഇത്തവണ സൃഷ്ടിക്കുന്നത്. കോട്ടും ഷൂവും ചുരുട്ടും തൊപ്പിയുമൊക്കെ വ്യത്യസ്തമായിരിക്കുമെന്നും ശില്‍പികള്‍ പറഞ്ഞു. ഭീമന്‍ ഇരുമ്പു ചട്ടക്കൂടുണ്ടാക്കി അഞ്ചടി ഉയരമുള്ള തട്ടിലുറപ്പിച്ചാണ് നിര്‍മ്മാണം. ഇതില്‍ ചണനൂലും തുണിയും ചുറ്റിയെടുത്ത് പരിസ്ഥിതിസൗഹൃദപരമായ വസ്തുക്കളുപയോഗിച്ചുള്ള വേഷവിധാനങ്ങളുമണിയിക്കുന്നു.

ഇത്തവണ ആദ്യമായി കടലിന്റെ പശ്ചാത്തലത്തിലേക്ക് പപ്പാഞ്ഞി ഇറക്കിവയ്ക്കുകയാണെന്നും രഘുനാഥ് പറഞ്ഞു. വിദേശികളായ കാണികള്‍ക്കു കൂടി മതിപ്പു തോന്നുന്ന രീതിയില്‍ ആധികാരികമായായിരിക്കും പപ്പാഞ്ഞിക്കോലം. പപ്പാഞ്ഞിയെ സാന്താക്ലോസ് ആയി പലരും തെറ്റിദ്ധരിക്കാറുണ്ടെങ്കിലും സാന്തായുമായി ഒരു ബന്ധവുമില്ല. പപ്പാഞ്ഞി കത്തിക്കല്‍ കൊച്ചിയുടെ ജനകീയ മതേതര ആഘോഷമാണെന്ന് ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റി ബോണി തോമസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY