ജിഷ വധക്കേസില്‍ കുറ്റപത്രം ഇന്ന്

180

കൊച്ചി: പെരുമ്പാവൂരിലെ ജിഷ വധക്കേസിന്റെ കുറ്റപത്രം ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിക്കും. സൗമ്യവധക്കേസിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് ജിഷക്കേസിലെ കുറ്റപത്രം പൊലീസ് തയ്യാറാക്കിയത്. ലൈംഗികവൈകൃത സ്വഭാവമുളള പ്രതി ജിഷയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുളളത്.ജിഷവധക്കേസിൽ ചില തെളിവുകളുടെ അഭാവം പ്രോസിക്യൂഷനെ ദുർബലമാക്കുമെന്ന ആരോപണത്തിനിടെയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്. കുറ്റപത്രം സമർപ്പിക്കാൻ ലഭ്യമായ യ സമയം പരമാവധി പ്രയോജനപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത്. ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കുറ്റപത്രം പഴുതടച്ചതാക്കുമെന്ന് പ്രതീക്ഷയിലാണ് പൊലീസ്. അസം സ്വദേശി അമീര്‍ ഉല്‍ ഇസ്ലാമിനെ മാത്രമാണ് കേസിൽ പ്രതി ചേര്‍ത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിനുള്ള ശ്രമം ചെറുത്ത ജിഷയെ അമീർ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ലൈംഗിക താൽപര്യം മാത്രമാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. പ്രതി കൊലയ്ക്ക് ഉപയോഗിച്ച ആയുധവും കണ്ടെത്തിയരുന്നു. എന്നാൽ, കൊലപാതകസമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രം കണ്ടെത്താൻ പൊലീസിനായില്ല.അതിനാൽ ഇക്കാര്യം പരമാർശിക്കാതെയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. അമീർ ഒറ്റക്കാണ് കൃത്യം നടത്തിയതെന്നും സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രതിക്ക് എതിരാണെന്നും റിപ്പോർട്ടിലുണ്ട്. അമീറിന്റെ സുഹൃത്തായ അനാർ ഉൽ ഇസ്ലാം അടക്കമുളളവരെക്കുറിച്ച് കുറ്റപത്രത്തിൽ പരാമർശങ്ങളില്ല. ജിഷയുടെ വീട്ടിലെ ഫ്ലവർ വെയ്സിൽ നിന്ന് മറ്റൊരാളുടെ വിരലടയാളം കണ്ടെത്തിയിന്നു. ഇതുണ്ടാക്കിയ ആശയക്കുഴപ്പങ്ങൾ കുറ്റപത്രത്തിൽ പരിഹരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY