നിവിന്‍ പോളിയുടെ പുതിയ തമിഴ് ചിത്രം സാന്താ മരിയ

337

‘നേര’ത്തിന് ശേഷം നിവിന്‍ പോളി പ്രധാനവേഷത്തിലെത്തുന്ന തമിഴ് ചിത്രത്തിന് പേരിട്ടു. സാന്താ മരിയ എന്നാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്ന പേരെന്നാണ് റിപ്പോര്‍ട്ട്. കന്നഡ ചിത്രമായ ‘ഉളിദവാരു കണ്ടാന്തെ’യുടെ തമിഴ് പതിപ്പാണിത്.
കന്നഡയില്‍ രക്ഷിത് ഷെട്ടി ചെയ്ത നെഗറ്റീവ് റോളിലാണ് നിവിന്‍ എത്തുക. കിഷോര്‍ അവതരിപ്പിച്ച വേഷത്തിലെത്തുന്നത് ഛായാഗ്രാഹകന്‍ കൂടിയായ നടരാജാണ്. ലക്ഷ്മി പ്രിയയാണ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. നവാഗതനായ ഗൗതം രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ലോക ക്ലാസിക്കായ റാഷൊമോണിന്റെ ശൈലിയില്‍ ഒരു സംഭവത്തെ അഞ്ചുപേരുടെ വീക്ഷണകോണിലൂടെ പറയുന്ന ചിത്രമായിരുന്നു ഉളിദവാരു കണ്ടാന്തെ. 2014 ലണ്ടന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കയ്യടി നേടിയിരുന്നു.
ഡാ തടിയാ, അരികില്‍ ഒരാള്‍ എന്നീ ചിത്രങ്ങളില്‍ നിവിന്‍ നെഗറ്റിവ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെയും പ്രിയ താരമായി മാറി കഴിഞ്ഞു നിവിന്‍. ചിത്രത്തിന്റെ കന്നട പതിപ്പില്‍ സംഗീതം ചെയ്ത അജ്‌നീഷ് തന്നെയാണ് തമിഴ് പതിപ്പിന്റെയും സംഗീതം.
പാണ്ടികുമാറാണ് കാമറ. കുറ്റാലം, മണപ്പാട്, തൂത്തുക്കുടി എന്നിവടങ്ങളിലാണ് ചിത്രീകരണം.

NO COMMENTS

LEAVE A REPLY