ജാര്‍ഖണ്ഡ്‌ തെരഞ്ഞെടുപ്പുഫലം – ബിജെപിക്ക്‌ കനത്ത തിരിച്ചടി

131

ന്യൂഡല്‍ഹി: രാജ്യമാകെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം അലയടിക്കുന്നതിനിടെ ബിജെപിക്ക്‌ കനത്ത തിരിച്ചടി നല്‍കി ജാര്‍ഖണ്ഡ്‌ തെരഞ്ഞെടുപ്പുഫലം. 81 അംഗ നിയമസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ ജെ എം എം–കോണ്‍ഗ്രസ്‌ — ആര്‍ ജെഡി മഹാസഖ്യം 47 സീറ്റോടെ അധികാരത്തില്‍. ജെഎംഎം(ജാര്‍ഖണ്ഡ്‌ മുക്തി മോര്‍ച്ച) നേതാവ്‌ ഹേമന്ത്‌ സോറന്‍ മുഖ്യമന്ത്രിയാകും. മുന്‍ മുഖ്യമന്ത്രിയും ജെ എം എം സ്ഥാപകനുമായ ഷിബു സോറന്റെ മകനാണ്‌.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത്‌ ഷായും നേരിട്ട്‌ പ്രചാരണം നയിച്ചിട്ടും ബിജെപി 25 സീറ്റിലൊതുങ്ങി. മുഖ്യമന്ത്രി രഘുബര്‍ദാസും ആറ്‌ മന്ത്രിമാരും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്‌മണ്‍ ഗിലുവയും തോറ്റു. മന്ത്രിസഭയില്‍ സഹപ്രവര്‍ത്തകനായിരുന്ന സരയു റോയിയാണ്‌ ബിജെപി വിമതനായി മത്സരിച്ച്‌ രഘുബര്‍ദാസിനെ തോല്‍പ്പിച്ചത്‌.

കഴിഞ്ഞവര്‍ഷം രാജസ്ഥാന്‍, ഛത്തീസ്‌ഗഢ്‌, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങള്‍ നഷ്ടപ്പെട്ട ബിജെപിക്ക്‌ ഈവര്‍ഷം മഹാരാഷ്ട്രയ്‌ക്ക്‌ പിന്നാലെ ജാര്‍ഖണ്ഡും പോയത്‌ കടുത്ത ക്ഷീണമാണ്‌. രാജ്യസഭയില്‍ ഭൂരിപക്ഷം നേടാനുള്ള ബി ജെ പി യുടെ ശ്രമവും പാളും.

ഹേമന്ത്‌ സോറന്‍ മത്സരിച്ച രണ്ട്‌ സീറ്റിലും(ധുംക, ബര്‍ഹൈത്‌) വിജയിച്ചു. 30 സീറ്റ്‌ നേടിയ ജെഎംഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസ്‌ 16സീറ്റിലും ആര്‍ജെഡി ഒരിടത്തും ജയിച്ചു. എജെഎസ്‌യു, ജെവിഎം എന്നീ പാര്‍ടികള്‍ മൂന്ന്‌ വീതം സീറ്റിലും എന്‍സിപിയും സിപിഐ എംഎല്ലും ഓരോസീറ്റിലും ജയിച്ചു. രണ്ടിടത്ത്‌ സ്വതന്ത്രര്‍ക്കാണ്‌ ജയം.

ആറുമാസം മുമ്ബ്‌ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി–എജെഎസ്‌യു സഖ്യത്തിന്‌ 55.29 ശതമാനം വോട്ട്‌ ലഭിച്ചു. ഇപ്പോള്‍ തനിച്ച്‌ മത്സരിച്ച ബിജെപിയുടെ വോട്ടുവിഹിതം 33.6 ശതമാനം മാത്രമാണ്‌. എജെഎസ്‌യുവിന്‌ എട്ട്‌ ശതമാനം വോട്ട്‌ ലഭിച്ചു.ജനവിധി അംഗീകരിക്കുന്നതായി അമിത്‌ ഷാ പ്രതികരിച്ചു. ഹേമന്ത്‌ സോറനെ അഭിനന്ദിച്ച ‌പ്രധാനമന്ത്രി പുതിയ സര്‍ക്കാരിന്‌ ആശംസകള്‍ നേര്‍ന്നു.

തിരിച്ചടിയായത്‌ ജനദ്രോഹനയങ്ങള്‍ഗ്രാമീണമേഖലയിലെ സാമ്ബത്തികത്തകര്‍ച്ച, ആദിവാസികളുടെ ഭൂമി പിടിച്ചെടു ക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം, പെരുകിയ തൊഴിലില്ലായ്‌മ,ഗോരക്ഷയുടെ പേരിലുള്ള ആക്ര മണങ്ങള്‍, അഴിമതി, ബിജെപിയിലെ ഉള്‍പ്പോര്‌ എന്നിവയാണ്‌ ബിജെപിയുടെ തോല്‍വിക്ക്‌ കാരണം. രണ്ട്‌ വര്‍ഷത്തിനിടെ 20 പേരാണ്‌ ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങളില്‍ സംസ്ഥാനത്ത്‌ കൊല്ലപ്പെട്ടത്‌. ആദിവാസി മേഖലയിലും നഗരമേഖലയിലും ബിജെപിക്ക്‌ തിരിച്ചടിയുണ്ടായി.

NO COMMENTS