ഒരിന്ത്യ- ഒരു ജനത – ഒരു ദേശം എന്ന മുദ്രാവാക്യമുയര്‍ത്തി വിദേശത്തും ഇന്ത്യക്കാരുടെ പ്രതിഷേധം.

114

വാഷിങ്‌ടണ്‍: ഒരിന്ത്യ, ഒരു ജനത, ഒരു ദേശം എന്ന മുദ്രാവാക്യ മുയര്‍ത്തി .ഇന്ത്യയിലെ വിഭാഗീയ പൗരത്വ ഭേദഗതി നിയമത്തിനും(സിഎഎ) നിര്‍ദിഷ്‌ട ദേശീയ പൗരത്വ രജിസ്‌റ്ററിനും(എന്‍ആര്‍സി) എതിരെ വിദേശത്തും ഇന്ത്യക്കാരുടെ പ്രതിഷേധം പടരുന്നു. വാഷിങ്‌ടണില്‍ ഒരു ഡസനില്‍പ്പരം സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസിക്ക്‌ മുന്നില്‍ പ്രതിഷേധിച്ചവര്‍, ഇന്ത്യയുടെ ഐക്യം സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടു. സിഎഎയും എന്‍ആര്‍സിയും പിന്‍വലിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പ്രമേയം ഇന്ത്യന്‍ എംബസിക്ക്‌ കൈമാറി.

പൗരാവകാശങ്ങളും മതസ്വാതന്ത്ര്യവും എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്‌ തങ്ങള്‍ എത്തിയിരിക്കുന്നതെന്ന്‌ ഇന്ത്യന്‍ അമേരിക്കനായ മൈക്‌ ഗൗസ്‌ പറഞ്ഞു. ഇന്ത്യയില്‍ സമ്ബദ്‌വ്യവസ്ഥയും ക്രമസമാധാനവും തകരുകയും തൊഴിലില്ലായ്‌മ രൂക്ഷമാവുകയും അഴിമതി വ്യാപിക്കുകയും ചെയ്‌തപ്പോള്‍ അവ പരിഹരിക്കാന്‍ ശ്രമിക്കാതെ സര്‍ക്കാര്‍ വിചിത്രമായ നിയമങ്ങളുമായാണ്‌ വരുന്നതെന്ന്‌ കലീം കവാജ പറഞ്ഞു.

ഫിന്‍ലന്‍ഡിലും ഓസ്‌ട്രേലിയയിലും കഴിഞ്ഞ ദിവസം ഇന്ത്യക്കാര്‍ സമാന പ്രകടനങ്ങള്‍ നടത്തി. ഹെല്‍സിങ്കി റെയില്‍വേസ്‌റ്റേഷന്‌ മുന്നില്‍ പ്രതിഷേധിച്ചവര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. ഫിന്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ ഇന്ത്യന്‍ വിദ്യാര്‍ഥികളും പ്രൊഫഷണലുകളും എത്തിയിരുന്നു.

ഓസ്‌ട്രേലിയയില്‍ മെല്‍ബണിലെ ഫെഡറേഷന്‍ ചത്വരത്തില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരത്തോളം ആളുകള്‍ പങ്കെടുത്തു. ആസാദി മുദ്രാവാക്യം അലയടിച്ച സംഗമം ദേശീയഗാനത്തോടെയാണ്‌ ആരംഭിച്ചത്‌. സാരെ ജഹാംസെ അഛാ എന്ന ദേശഭക്തിഗാനത്തോടെ അവസാനിച്ചു.

NO COMMENTS