തലസ്ഥാനത്തെ നടുക്കി വീണ്ടും കൊലപാതകം ; ഗുണ്ടാ കുടിപ്പക ; യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയെന്ന് ദൃക്സാക്ഷികള്‍.

202

തിരുവനന്തപുരം: ഗുണ്ടാ കുടിപ്പകയെ തുടര്‍ന്ന് ബാര്‍ട്ടണ്‍ഹില്ലില്‍ പി എസ് അനില്‍ എന്നയാളാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. അക്രമി ഗുണ്ടാ സംഘത്തില്‍പ്പെട്ട ജീവനെന്നയാളാണ് അനിലിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികള്‍ വിശദമാക്കി.പകരം വീട്ടല്‍ രീതിയില്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ തലസ്ഥാന നഗരത്തില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ശ്രീവരാഹം ക്ഷേത്രക്കുളത്തിന് സമീപം ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത് തടയാനെത്തിയ യുവാവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്. ശ്രീവരാഹം കുളത്തിന് സമീപം അര്‍ജ്ജുന്‍, രജിത്ത്, മനോജ് എന്നിവര്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കുകയായിരുന്നു. ശ്യാം, ഉണ്ണികണ്ണന്‍, വിമല്‍ എന്നിവര്‍ ഇത് ചോദ്യം ചെയ്തു. തര്‍ക്കത്തിനിടെ അര്‍ജ്ജുന്‍ കത്തിയെടുത്ത് മറ്റുള്ളവരെ കുത്തുകയായിരുന്നു.

ശ്യാം സംഭവ സ്ഥലത്തുവച്ച്‌ മരിച്ചു. പരിക്കേറ്റ മറ്റ് രണ്ടുപേരും ചികിത്സയിലാണ്. കേസിലെ പ്രതികള്‍ ലഹരിക്കടിമകളാണെന്ന് പൊലീസ് വിശദമാക്കി.കൊലപ്പെട്ട ശ്യാമും നിരവധി കേസില്‍ പ്രതിയാണ്. ഈ സംഘങ്ങള്‍ തമ്മില്‍ നേരത്തെയും പല തവണ വാക്ക് തര്‍ക്കവും അടിപിടിയും ഉണ്ടായിട്ടുണ്ട്. കരമനയില്‍ അനന്തു കൊല്ലപ്പെട്ടതിന്റെ തൊട്ട് പിന്നാലെയായിരുന്നു ശ്രീവരാഹത്തെ കൊലപാതകം.

കരമന അരശുമൂട് നിന്ന് പട്ടാപകല്‍ പ്രതികള്‍ പട്ടാപ്പകലാണ് അനന്തു ഗിരീഷിനെ തട്ടികൊണ്ടുപോയത്. ബൈക്കില്‍ ഒരുകടയിലേക്ക് ജ്യൂസ് കഴിക്കാനായി എത്തിയ അനന്തുവിനെ മര്‍ദ്ദിച്ച ശേഷം പ്രതികളായ ബാലുവും ഹരിയും ബൈക്കിന്റെ നടുവില്‍ ഇരുത്തിക്കൊണ്ട് പോവുകയായിരുന്നു. കരമന ദേശീയപാതക്കു സമീപമുള്ള കുറ്റിക്കാട്ടില്‍ ക്കൊണ്ടുവന്നാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. ആദ്യം കൈയ്യിലെ ഞരമ്പ് മുറിച്ച ശേഷം പിന്നീട് ക്രൂരമായി മര്‍ദ്ദിച്ച ശേഷമായിരുന്നു കൊലപാതകം. അനന്തു മരിച്ചുവെന്ന ഉറപ്പായതോടെ പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. കൊഞ്ചിറ വിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പ്രതികളുടെ സുഹൃത്തായ കൊവ്വുവാവയെ അനന്തുവിന്‍റെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ചിരുന്നു. ഇതിനുള്ള പ്രതികാരമാണ് അനന്തുവിന്‍റെ കൊലയെന്നാണ് പൊലീസ് പറയുന്നത്.

NO COMMENTS