ഇന്ത്യക്ക് 258 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ്

200

ഇന്‍ഡോര്‍• ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡ് 299 റണ്‍സിന് പുറത്ത്. 81 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് കിവീസിനെ തകര്‍ത്തത്. ന്യൂസീലന്‍ഡിനായി ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (72), ടോം ലാതം (53), ജയിംസ് നീഷാം (71) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. 258 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീ‍ഡു നേടിയ ഇന്ത്യ ന്യൂസീലന്‍ഡിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങി.ആദ്യ ഇന്നിങ്സില്‍ വിരാട് കോഹ്‍ലിയുടെ ഇരട്ട സെഞ്ചുറിയുടെയും (211) രഹാനെയുടെ സെഞ്ചുറിയുടെയും (118) മികവില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 557 റണ്‍സ് നേടി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടം കൂടാതെ 118 എന്ന നിലയിലായിരുന്ന കിവീസ്, പിന്നീട് അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും ബോളുകള്‍ക്കു മുന്നില്‍ കറങ്ങി വീണു. അശ്വിന്‍ 27.2 ഓവറില്‍ 81 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. 28 ഓവര്‍ ബോള്‍ ചെയ്ത ജഡേജ, 80 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കിവീസ് നിരയില്‍ രണ്ടു പേര്‍ റണ്ണൗട്ടായി.
വിക്കറ്റ് നഷ്ടം കൂടാതെ 28 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കിവീസ് ഓപ്പണര്‍മാര്‍ ഇരുവരും നേടിയ അര്‍ധസെഞ്ചുറികളുടെ ബലത്തില്‍ മികച്ച തുടക്കം കുറിച്ചതാണ്. ഇന്ത്യന്‍ ബോളര്‍മാരെ നിഷ്പ്രയാസം നേരിട്ട ഗപ്റ്റിലും ലാതവും ഓപ്പണിങ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി വെല്ലുവിളിച്ചെങ്കിലും അശ്വിന് വിക്കറ്റ് സമ്മാനിച്ച്‌ ലാതം മടങ്ങിയതോടെ കളിമാറി. 104 പന്തില്‍ ഏഴു ബൗണ്ടറികളോടെ 53 റണ്‍സെടുത്ത ലാതത്തെ അശ്വിന്‍ സ്വന്തം ബോളിങ്ങില്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. അപ്പോള്‍ സ്കോര്‍ 118. പരിക്കുമാറി തിരിച്ചെത്തിയ കിവീസ് ക്യാപ്റ്റന്‍ വില്യംസന്‍ കാര്യമായ സംഭാവനകള്‍ കൂടാതെ മടങ്ങി. എട്ടു റണ്‍സെടുത്ത വില്യംസനെയും അശ്വിന്‍ മടക്കി.
റോസ് ടെയ്ലര്‍, ലൂക്ക് റോഞ്ചി എന്നിവര്‍ സംപൂജ്യരായും ഇടയ്ക്ക് 74 റണ്‍സുമായി ഗപ്റ്റിലും മടങ്ങിയതോടെ വിക്കറ്റ് നഷ്ടം കൂടാതെ 118 റണ്‍സ് എന്ന നിലയില്‍നിന്ന് അഞ്ചിന് 148 റണ്‍സെന്ന നിലയിലായി കിവീസ്. 30 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായത് അഞ്ചു മുന്‍നിര വിക്കറ്റുകള്‍. ഗപ്റ്റില്‍ റണ്ണൗട്ടായപ്പോള്‍ ശേഷിച്ച നാലു വിക്കറ്റുകളും അശ്വിന്‍ പോക്കറ്റിലാക്കി. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന നീഷാം-വാട്ലിങ് സഖ്യം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയെങ്കിലും വാട്ലിങ്ങിനെ ജഡേജ മടക്കിയതോടെ വീണ്ടും കിവീസ് തകര്‍ന്നു. 48 പന്തില്‍ നാലു ബൗണ്ടറികള്‍ ഉള്‍പ്പെടെ 23 റണ്‍സായിരുന്നു വാട്ലിങ്ങിന്റെ സമ്ബാദ്യം.
സാന്റനര്‍ (22), ജീതന്‍ പട്ടേല്‍ (18), ബൗള്‍ട്ട് (0) എന്നിവരും കാര്യമായ ചെറുത്തുനില്‍പ്പു കൂടാതെ മടങ്ങി. ജയിംസ് നീഷാം അര്‍ധസെഞ്ചുറിയുമായി (71) പൊരുതി നോക്കിയെങ്കിലും അശ്വിന് ആറാം വിക്കറ്റ് സമ്മാനിച്ച്‌ ഒന്‍പതാമനായി മടങ്ങിയതോടെ കിവീസിന്റെ വെല്ലുവിളി അവസാനിച്ചു. മാറ്റ് ഹെന്‍റി 15 റണ്‍സുമായി പുറത്താകാതെ നിന്നു.

NO COMMENTS

LEAVE A REPLY