ഭർതൃഗൃഹത്തിൽ മരണമടഞ്ഞ വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനം

21

ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ എസ്.വി. വിസ്മയയുടെ ഭർത്താവും സംസ്ഥാന മോട്ടോർ വാഹന വകുപ്പ് കൊല്ലം റീജണൽ ഓഫീസിലെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടറു മായ എസ്. കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്ത്രീ വിരുദ്ധ പ്രവൃത്തിയും സാമൂഹ്യ വിരുദ്ധവും ലിംഗനീതിയ്ക്ക് നിരക്കാത്ത നടപടിയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങൾക്കിടയിൽ സർക്കാരിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും അന്തസ്സിനും സൽപ്പേരിനും കളങ്കം വരുത്തിയതിനാൽ 1960 ലെ കേരളാ സിവിൽ സർവീസ് ചട്ടം പ്രകാരമാണ് നടപടി.

കൊല്ലം ശൂരനാട് പോലീസ് ജൂൺ 21 ന് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ കിരൺ കുമാറിന്റെ സ്ത്രീധനത്തെ ച്ചൊല്ലിയുള്ള നിരന്തരമായ കലഹത്താലും ശാരീരികവും മാനസികവുമായ ഉപദ്രവത്താലുമാണ് വിസ്മയ മരണപ്പെടാനിടയായതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ജീവനക്കാർ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ലെന്ന 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(C) യുടെ ലംഘനമാണിത്. കിരൺ കുമാറിനെ ജൂൺ 22 ന് അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് സർക്കാർ നിർദേശം നൽകുകയും ചെയ്തിരുന്നു.

1960 ലെ കേരളാ സിവിൽ സർവീസ് ചട്ടം 15 പ്രകാരം എസ്. കിരൺ കുമാറിന് നിയമാനുസൃതമായ കുറ്റരോപണ മെമ്മോ നൽകിയിരുന്നു. തുടർന്ന് മോട്ടോർ വാഹന വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനെ വകുപ്പുതല അന്വേഷണത്തിന് നിയോഗിച്ചു. നിയമാനുസൃത അന്വേഷണത്തിന്റെയും കിരൺ കുമാറിനെ നേരിട്ട് കേട്ടതിന്റെയും, സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ 1960 ലെ കേരള സിവിൽ സർവീസ് ചട്ടം 11(1)(viii) പ്രകാരമാണ് സർവീസിൽ നിന്നും പിരിച്ചു വിടാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.

കേരളചരിത്രത്തിൽ ആദ്യമായാണ് സ്ത്രീധന പീഡനത്തെത്തുടർന്ന് ഭാര്യ മരണമടഞ്ഞ കാരണത്താൽ ഭർത്താവിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ച് വിടുന്നത്.സ്ത്രീധന പീഡനത്തിനെതിരെ ശക്തമായ നടപടി എടുക്കുമെന്നും സ്ത്രീ സുരക്ഷയും ലിംഗനീതിയും ഉയർത്തിപ്പിടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലും പൊതുസമൂഹത്തിനും നൽകിയ ഉറപ്പ് പാലിക്കുന്ന നടപടിയാണ് കൈക്കൊണ്ടതെന്നും മന്ത്രി പറഞ്ഞു.

ആഗസ്റ്റ് 7 രാവിലെ 11 ന് ഗതാഗത മന്ത്രി കൊല്ലത്തെ നിലമേലുള്ള വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിക്കും.

NO COMMENTS