ദേശത്തിന്റെ അത്യന്താപേക്ഷിതമായ ധര്‍മ്മം സഹിഷ്ണുതയായിരിക്കണമെന്ന് ഉപരാഷ്ട്രപതി

161

ബെംഗളൂരു: ദേശത്തിന്റെ അത്യന്താപേക്ഷിതമായ ധര്‍മ്മം സഹിഷ്ണുതയായിരിക്കണമെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. എന്നാല്‍ മാത്രമേ വൈവിധ്യങ്ങള്‍ക്കിടയിലും മൈത്രി നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറയുന്നു. നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യാ യൂണിവേഴ്സിറ്റിയില്‍ നടന്ന വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. സഹിഷ്ണുതയ്ക്ക് മാത്രമായി വൈവിധ്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ നിലനില്‍പില്ല. പരസ്പര വിശ്വാസ്യതയും സ്വീകാര്യതയും ഉള്‍ച്ചേര്‍ന്നുകൊണ്ടുള്ള സഹിഷ്ണുതയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹം ‘നമ്മള്‍ മറ്റ് മതങ്ങളെ സഹിക്കുകയല്ല , പകരം അവയെ നല്ല ഉദ്ദേശത്തോടെ പുല്‍കുകയാണ് വേണ്ടത്’ എന്ന സ്വാമി വിവേകാനന്ദന്റെ ദര്‍ശനത്തെ ഉദ്ദരിച്ചാണ് സഹിഷ്ണുതയെ കുറിച്ച്‌ സംസാരിച്ചത്.
പുതിയ കാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മതങ്ങളുടെ സ്വാതന്ത്ര്യത്തെയും സഹിഷ്ണുതയെയും ഉള്‍ക്കൊണ്ടു കൊണ്ട് മതേതരത്വത്തെ ഊട്ടിയുറപ്പിക്കുകയാണെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ‘തീവ്ര സാംസ്കാരിക പ്രതിബദ്ധത വെച്ചു പുലര്‍ത്തുന്ന ദേശീയതയുടെ വകഭേദം അസഹിഷ്ണുതയും ധാര്‍ഷ്ഠ്യം കലര്‍ന്ന ദേശഭക്തിയും വളര്‍ത്തും’ അന്‍സാരി കുറ്റപ്പെടുത്തി.

NO COMMENTS