വടക്കാഞ്ചേരി പീഡനക്കേസില്‍ തെളിവില്ലെന്ന് പോലീസ്

166

തൃശ്ശൂര്‍ : വടക്കാഞ്ചേരി പീഡനക്കേസില്‍ തെളിവില്ലെന്ന് പോലീസ്. പീഡനം നടന്ന സ്ഥലം കണ്ടെത്താനോ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനോ സാധിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു. അതിനാല്‍ പരാതിക്കാരിയുടെ മൊഴി അനുസരിച്ച്‌ പ്രതികള്‍ക്കെതിരെ നടപടിയുണ്ടാകില്ല. യുവതി കോടതിയെ സമീപിച്ചാല്‍ കോടതി നിര്‍ദ്ദേശിക്കുകയാണെങ്കില്‍ മാത്രം പ്രതികളെ അറസ്റ്റ് ചെയ്താല്‍ മതി എന്ന നിലപാടിലാണ് പോലീസ്. ആരോപണം ഉയര്‍ന്ന് 20 ദിവസം അന്വേഷണം നടത്തിയിട്ടും തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

പീഡനത്തിനിരയായി എന്ന പെണ്‍കുട്ടിയുടെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുകയും കോടതിയില്‍ 164 പ്രകാരം രഹസ്യ മെഴി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതിയുടെ മൊഴിയില്‍ പീഡനം നടന്നു എന്ന് പറയുന്ന കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന് സമീപമുള്ള സ്ഥലം കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. സ്ഥലം കണ്ടെത്താന്‍ യുവതിയുമായി ചേര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവം നടന്നിട്ട് രണ്ടുവര്‍ഷത്തോളമായതിനാല്‍ ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടിലേക്ക് ഉന്നത പോലീസ് നേതൃത്വം എത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്താല്‍ കോടതികളില്‍ നിന്ന് പ്രതികള്‍ക്ക് അനുകൂലമായ ഉത്തരവ് ഉണ്ടാകുമെന്നതും തീരുമാനത്തിന് കാരണമായി. തെളിവുകളില്ലാത്തതിനാല്‍ പ്രതികളെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുകയും ചെയ്തിട്ടില്ല.