മുഖ്യമന്ത്രി പളനിസാമിയെ അണ്ണാ ഡിഎംകെയില്‍ നിന്നു പുറത്താക്കി

220

ചെന്നൈ : നാളെ വിശ്വാസവോട്ടെടുപ്പിനൊരുങ്ങുവെ അണ്ണാ ഡിഎംകെയില്‍ നിന്ന് മുഖ്യമന്ത്രി പളനിസ്വാമിയെ പുറത്താക്കിയതായി പനീര്‍ശെല്‍വം വിഭാഗം. ശശികലയെയും മറ്റ് നേതാക്കളെയും പുറത്താക്കിയതിനു പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത കെ പളനിസാമിയെയും പുറത്താക്കിയെന്ന് പനീര്‍ശെല്‍വം വിഭാഗം അവകാശപ്പെട്ടത്.
പാര്‍ട്ടി പിടിക്കാനുള്ള മറുതന്ത്രത്തിന്റെ ഭാഗമായാണ് മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ പുറത്താക്കല്‍ നടപടി. അണ്ണാ ഡിഎംകെ ഇടക്കാല ജനറല്‍ സെക്രട്ടറി ശശികല, ടി.ടി.വി. ദിനകരന്‍, വെങ്കിടേഷ് എന്നിവര്‍ക്കുപുറമെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി പനീര്‍സെല്‍വം വിഭാഗത്തിന്റെ പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാന്‍ ഇ.മധുസൂദനന്‍ അറിയിച്ചു. ശശികല നിയമിച്ച അവരുടെ ബന്ധുകൂടിയായ ടി.ടി.വി. ദിനകരനെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയിട്ടുണ്ട്. 13 ജില്ലാ സെക്രട്ടറിമാരെയും പുറത്താക്കിയതായി പനീര്‍ശെല്‍വം വിഭാഗം അറിയിച്ചു. പളനിസാമിയുടെ സ്വദേശമായ സേലത്തെ ജില്ലാ സെക്രട്ടറിയും പുറത്താക്കപ്പട്ടവരില്‍ ഉള്‍പ്പെടുന്നു. ഇന്നലെ തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ പളനിസാമി, ശനിയാഴ്ച നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിന് ഒരുങ്ങുന്നതിനിടെയാണ് പാര്‍ട്ടി പിടിക്കാനുള്ള നീക്കം പനീര്‍സെല്‍വം പക്ഷം ശക്തമാക്കിയത്. നേരത്തെ പനീര്‍സെല്‍വത്തിനു പിന്തുണ നല്‍കിയതിനെ തുടര്‍ന്ന് ശശികല, മധുസൂദനനെ പ്രിസീഡിയം ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറ്റിയിരുന്നു. ശശികല പക്ഷക്കാരനും പളനിസാമി മന്ത്രിസഭയില്‍ സ്‌കൂള്‍ വിദ്യാഭ്യാസമന്ത്രിയുമായ സെങ്കോട്ടയ്യനാണ് പകരം ചുമതല നല്‍കിയത്. ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായത് നിയമപരമായി നിലനില്‍ക്കില്ലെന്നും പനീര്‍ശെല്‍വം വിഭാഗം ചൂണ്ടിക്കാട്ടുന്നു. അണ്ണാ ഡിഎംകെ ഭരണഘടനപ്രകാരം അഞ്ചു വര്‍ഷം തുടര്‍ച്ചയായി പ്രാഥമിക അംഗത്വം ഉള്ളയാള്‍ക്കു മാത്രമേ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാന്‍ കഴിയൂ. ഇതിനു വിരുദ്ധമായാണ് ശശികല തല്‍സ്ഥാനത്തെത്തിയത്. ഇതിനെതിരെ മുന്‍ വിദ്യാഭ്യാസമന്ത്രി കെ.പാണ്ഡ്യരാജനും മധുസൂദനനും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY