കാട്ടാനകളെ ഓടിക്കാൻ വനം വകുപ്പിന്റെ വണ്ടി

130

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ വർദ്ധിച്ചു വരുന്ന കാട്ടാനകളുടെ ശല്യം പരിഹരിക്കുന്നതിനായി വനം വകുപ്പിന്റെ ഫോറസ്റ്റ് മിനി ഫയർ റെസ്‌പോണ്ടർ എത്തി. കാട്ടാനകൾ ഇറങ്ങുമ്പോൾ വിവിധ ടോണുകളിൽ സെറ്റ് ചെയ്ത അലാറം മുഴക്കാൻ മിനി ഫയർ റെസ്‌പോണ്ടറിനു കഴിയും. ഇങ്ങനെ നാട്ടിലിറങ്ങുന്ന കാട്ടാനകളെ ഉൾക്കാടുകളിലേക്ക് ഓടിക്കാൻ സാധിക്കുന്നു.

കാടിന്റെ ഉൾഭാഗങ്ങളിലേക്ക് ഓടാൻ കഴിയുന്ന വണ്ടിയിൽ 60 മീറ്റർ നീളത്തിൽ പൈപ്പും 150 ലിറ്റർ വെള്ളവും ഉണ്ടാകും. വനത്തിന്റെ ഉൾഭാഗങ്ങളിൽ ഉള്ള വന പാലകർക്ക് വെള്ളം ഇത് വഴി വിതരണം ചെയ്യാൻ കഴിയും. ഇത്തരത്തിലുള്ള രണ്ട് വണ്ടികളാണ് വനം വകുപ്പ് ഈ വർഷം വാങ്ങിയിട്ടുള്ളത്. ചാലക്കുടിക്ക് പുറമെ പാലക്കാട് ഡിവിഷനിലുമാണ് വണ്ടി സൗകര്യം ഉണ്ടാവുക.

മറ്റത്തൂർ പഞ്ചായത്തിലെ നാല്, അഞ്ച്, ഏഴ്, എട്ട്, ഒൻപത് എന്നീ വാർഡുകളിലാണ് കാട്ടാന ശല്യം കൂടുതൽ. വനം വകുപ്പിന്റെ മിനി ഫയർ റെസ്‌പോണ്ടർ എത്തിയതോടെ കാട്ടാന ശല്യം കുറക്കാൻ കഴിഞ്ഞതായി മറ്റത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സി സുബ്രൻ പറഞ്ഞു. കാട്ടാനയുടെ ആക്രമണത്തെ ഭയന്നു കഴിയുന്ന വാർഡുകളിലെ ജനങ്ങൾക്ക് ഇതൊരു സഹായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

NO COMMENTS