അന്തരീക്ഷ മലിനീകരണത്തോതു കടുത്തതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ 1,800ല്‍ പരം പ്രൈമറി സ്കൂളുകള്‍ അടച്ചിട്ടു

169

ന്യൂഡല്‍ഹി• അന്തരീക്ഷ മലിനീകരണത്തോതു കടുത്തതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ 1,800ല്‍ പരം പ്രൈമറി സ്കൂളുകള്‍ അടച്ചിട്ടു. മലിനീകരണം ഏറ്റവും വര്‍ധിച്ച മുനിസിപ്പല്‍ മേഖലയിലെ സ്കൂളുകളില്‍ ഒന്‍പതു ലക്ഷത്തോളം കുട്ടികളാണു പഠിക്കുന്നത്. തിങ്കളാഴ്ച സാധാരണപോലെ സ്കൂളുകള്‍ തുറക്കുമെന്നു ഡല്‍ഹി മുനിസിപ്പാലിറ്റി വക്താവ് യോഗേന്ദ്ര മന്‍ അറിയിച്ചു. കഴിഞ്ഞ ദിവസത്തെ ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ പടക്കം പൊട്ടിച്ചതും സ്ഥിതി വഷളാക്കിയിരുന്നു. ഡല്‍ഹി സര്‍ക്കാര്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടികളും മുതിര്‍ന്നവരും ശ്വാസകോശ, ഹൃദയ സംബന്ധമായ രോഗമുള്ളവരും പുറത്തിറങ്ങുന്നതു പരമാവധി കുറയ്ക്കണമെന്നാണു മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. പൊടിപടലങ്ങളും മഞ്ഞും ഇടകലര്‍ന്നു പുകമഞ്ഞു രൂപപ്പെട്ടതിനെത്തുടര്‍ന്നാണു മലിനീകരണം അപകടകരമാം വിധം വര്‍ധിച്ചത്. ചെറിയ കുട്ടികളെയാണ് ഇതു വലിയ രീതിയില്‍ ബാധിക്കാറ്. ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (പിഎം) 2.5ന്റെ അന്തരീക്ഷത്തിലെ അളവ് കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷിത പരിധിയേക്കാള്‍ 13 തവണ വര്‍ധിച്ചു. പിഎം 10ന്റെ അളവ് 1,200 മൈക്രോഗ്രാമാണ്. ഇതിന്റെ സുരക്ഷിത പരിധി 100 മൈക്രോഗ്രാമാണ്. ഡല്‍ഹിയിലെ അനന്ത് വിഹാറില്‍ ശനിയാഴ്ച രാവിലെ ഒന്‍പതു മണിയായപ്പോള്‍ എടുത്ത കണക്കാണിത്. ദീര്‍ഘനേരം ഈ അന്തരീക്ഷത്തില്‍നിന്നു ശ്വസിച്ചാല്‍ ശ്വാസകോശ സംബന്ധമായ രോഗം ഉണ്ടാകാന്‍ വര്‍ധിച്ച സാധ്യതയാണുള്ളത്.