വി.എസ്.സുനില്‍കുമാര്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണെന്നു എം.എം.മണി

185

കോഴിക്കോട്• കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണെന്നു കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് എം.എം.മണി. കൃഷിമന്ത്രിക്കെതിരെ താനെന്തോ പറഞ്ഞതായി വാര്‍ത്ത കണ്ടു. ആ വാര്‍ത്ത എങ്ങനെയാണ് വന്നതെന്ന് അറിയില്ല. കൃഷിമന്ത്രിയെ പറ്റി താന്‍ ഒന്നും പറഞ്ഞിട്ടില്ല. പിന്നെ, ഒരു കാര്യമുണ്ട്, കൃഷി മന്ത്രി ആണെങ്കിലും എം.എം.മണി ആണെങ്കിലും എല്ലാം തികഞ്ഞവരല്ല. കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വെറുമൊരു വിദ്യാര്‍ഥി മാത്രമാണ് താന്‍. ചിലരുടെ ഭാവം കണ്ടാല്‍ എല്ലാം തികഞ്ഞവരാണെന്നു തോന്നും, എന്നാല്‍ എം.എം.മണിക്ക് ആ ഭാവമില്ലെന്നും അദ്ദേഹം പറഞ്ഞു. അറിയാന്‍ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചു വിദഗ്ധരുമായി സംസാരിച്ചു പുതിയ അറിവു നേടുകയാണു താന്‍. തന്റെ പ്രസ്താവന എന്താണെന്നു മനസിലാക്കാതെയാണ് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമന്‍ പ്രതികരിച്ചത്. എല്ലാവര്‍ക്കും എല്ലാം അറിയാമെന്നു കരുതുന്നതു ശരിയല്ല. അറിവില്ലാത്ത പല കാര്യങ്ങളുണ്ട്. എല്ലാം അറിയാമെന്നു കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും മണി പറഞ്ഞു.
കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെ കോടതിയില്‍ നിന്നു വിലക്കുന്ന വക്കീലന്മാരുടെ നടപടി ശുദ്ധ തോന്ന്യാസമാണെന്നും അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. അരാജകത്വത്തിലേക്കു നയിക്കുന്ന നടപടി പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY