നിലമ്പൂര്‍ ഏറ്റുമുട്ടല്‍ എന്ന പേരില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് കേസ്

179

തിരുവനന്തപുരം • നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വനിതയുടെ മൃതദേഹത്തിനു സമീപം കൂടിനില്‍ക്കുന്ന കേരള പോലീസ് സേനാംഗങ്ങള്‍ എന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജഫോട്ടകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാരിനും പോലീസിനും എതിരായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സര്‍ക്കാരിനെതിരെ ജനവികാരം തിരിച്ചുവിടുന്നതിനും വേണ്ടി നിലമ്ബൂര്‍ സംഭവമാണെന്ന വ്യാജേനയാണ് ഒരു സ്ത്രീയുടെ മൃതദേഹവും യൂണിഫോംധാരികളായി ചിലരുടെ ഫോട്ടോയും ഉള്‍പ്പെടുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.
ക്രൈംബ്രാഞ്ച് ചുമതലയുള്ള ഡിജിപി രാജേഷ് ദിവാന്റെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ സൈബര്‍ പോലീസ് സ്റ്റേഷനും ഹൈടെക് സെല്ലും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു. ഹൈടെക് സെല്‍ നടത്തിയ അന്വേഷണത്തില്‍ 2015 ഒക്ടോബറില്‍ ഒഡിഷ – ഛത്തീസ്ഗഡ് ബോര്‍ഡറില്‍ ദര്‍ഭഗട്ടി എന്ന സ്ഥലത്തു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ ചിത്രമാണ് ഇപ്പോള്‍ നിലമ്പൂരില്‍ നടന്ന സംഭവത്തിന്റെതെന്ന വ്യാജേന സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ സംഭവത്തിന്‍റെ വാര്‍ത്തയും ചിത്രവും ഒഡീഷ ന്യൂസ് ഇന്‍സൈറ്റ് എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍നിന്നും ചിത്രം മാത്രം ഡൗണ്‍ലോഡ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. നിജസ്ഥിതി മനസിലാക്കാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ഡിജിപി രാജേഷ് ദിവാന്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY