രാജ്കോട്ട് ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍

176

രാജ്കോട്ട് • ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ആദ്യദിനം കളി അവസാനിപ്പിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇംഗ്ലീഷ് നിരയിലെ ‘വിരാട് കോഹ്‍ലി’, ജോ റൂട്ടിന്റെ സെഞ്ചുറിയും സെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്താകാതെ നില്‍ക്കുന്ന മോയിന്‍ അലിയുടെ ഇന്നിങ്സുമാണ് ആദ്യദിനം ഇംഗ്ലണ്ടിന് മേല്‍ക്കൈ സമ്മാനിച്ചത്. 19 റണ്‍സോടെ ബെന്‍ സ്റ്റോക്സാണ് മോയിന്‍ അലിക്കൊപ്പം ക്രീസില്‍. ഇന്ത്യയ്ക്കായി അശ്വിന്‍ രണ്ടും ജഡേജ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ എട്ടു മല്‍സരങ്ങള്‍ക്കുശേഷമാണ് സന്ദര്‍ശക ടീം ഇന്ത്യയില്‍ ടോസ് നേടുന്നത്. കുക്കിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത് ഈ ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ച 19 വയസുകാരന്‍ ഹസീബ് ഹമീദ്. അരങ്ങേറ്റക്കാരന്റെ പരുങ്ങലൊന്നുമില്ലാതെ ഹമീദും പതിവുപോലെ കുക്കും നിലയുറപ്പിച്ചതോടെ ഒന്നാം വിക്കറ്റില്‍ ഇംഗ്ലണ്ട് കുറിച്ചത് 47 റണ്‍സ്. ഒടുവില്‍ കുക്കിനെ എല്‍ബിയില്‍ കുരുക്കി രവീന്ദ്ര ജഡേജ ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. 47 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 21 റണ്‍സായിരുന്നു കുക്കിന്റെ സമ്ബാദ്യം. സ്കോര്‍ 76ല്‍ നില്‍ക്കുമ്ബോള്‍ ഹമീദിനെ എല്‍ബിയില്‍ കുരുക്കി അശ്വിനും ആദ്യ വിക്കറ്റ് കീശയിലാക്കി. തുടര്‍ന്നെത്തിയ ബെന്‍ ഡക്കെറ്റും (13) ദീര്‍ഘമായ ഇന്നിങ്സ് കളിക്കാനാകാതെ അശ്വിന് വിക്കറ്റ് സമ്മാനിച്ച്‌ മടങ്ങിയതോടെ ഇന്ത്യന്‍ പിച്ചിലെ സ്പിന്‍ ഭൂതം ഇംഗ്ലണ്ടിനെ വീഴ്ത്തുമെന്ന തോന്നലുയര്‍ന്നു. എന്നാല്‍, നാലാം വിക്കറ്റില്‍ ജോ റൂട്ടിനൊപ്പം മോയിന്‍ അലി എത്തിയതോടെ മല്‍സരത്തില്‍നിന്ന് ഇന്ത്യയുടെ പിടി അയഞ്ഞു. ഇന്ത്യന്‍ സ്പിന്നര്‍മാരെ ഫലപ്രദമായി നേരിട്ട ഇരുവരും ഇംഗ്ലണ്ട് ഇന്നിങ്സിന് മികച്ച അടിത്തറയിട്ടു. സെഞ്ചുറി കുറിച്ച കുക്കും അര്‍ധസെഞ്ചുറി തികച്ച മോയിന്‍ അലിയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 179 റണ്‍സ്. ഇന്ത്യയില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ നാലാം വിക്കറ്റ് കൂട്ടുകെട്ട്. 180 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്സുമുള്‍പ്പെടെ 124 റണ്‍സെടുത്ത കുക്കിനെ ഉമേഷ് യാദവ് സ്വന്തം ബോളിങ്ങില്‍ ക്യാച്ചെടുത്ത് പുറത്താക്കിയതോടെ വീണ്ടും ഇന്ത്യയ്ക്ക് പ്രതീക്ഷയായി. ഈ വര്‍ഷം ടെസ്റ്റില്‍ 1,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കിയ ശേഷമായിരുന്നു റൂട്ടിന്റെ പുറത്താകല്‍. ഏഷ്യന്‍ മണ്ണില്‍ കുക്കിന്റെ ആദ്യ സെഞ്ചുറിയാണ് രാജ്കോട്ടിലേത്. 2013ന് ശേഷം സന്ദര്‍ശക ടീമംഗം ഇന്ത്യയില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്നതും ആദ്യം. 2013ല്‍ ഓസ്ട്രേലിയന്‍ താരം മൈക്കല്‍ ക്ലാര്‍ക്കാണ് ഏറ്റവും ഒടുവില്‍ ഇന്ത്യയില്‍ സെഞ്ചുറി നേടിയത്. തുടര്‍ന്നെത്തിയ ബെന്‍ സ്റ്റോക്സും മോയിന്‍ അലിയും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടം കൂടാതെ ഒന്നാം ദിനം പിന്നിട്ടതോടെ കളി നിര്‍ത്തുമ്ബോള്‍ ഇംഗ്ലണ്ട് സ്കോര്‍ നാലിന് 311. സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ മോയിന്‍ അലിക്ക് ഒരു റണ്‍ മാത്രം വേണ്ടപ്പോഴാണ് ഒന്നാം ദിനത്തെ കളി അവസാനിപ്പിക്കാന്‍ അമ്ബയര്‍മാര്‍ തീരുമാനിച്ചത്. 192 പന്ത് നേരിട്ട മോയിന്‍ അലി, ഒന്‍പത് ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് 99 റണ്‍സെടുത്തത്. 41 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്സുമുള്‍പ്പെടെ 19 റണ്‍െസടുത്ത സ്റ്റോക്സാണ് മോയിന്‍ അലിക്ക് കൂട്ട്.

NO COMMENTS

LEAVE A REPLY