കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ചയും റെഡ് അേലര്‍ട്ട്

119

കാസര്‍കോട് : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ ഇന്നും(ജൂലൈ 21) റെഡ് അേലര്‍ട്ട്. ഇന്ന് കാസര്‍കോട്, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ജൂലൈ 22 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര ( 24 മണിക്കൂറില്‍ 204 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും.

കാസര്‍കോട് തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതഇന്ന്(21) രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3.5 മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.

മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്

കേരള തീരത്തേക്ക് പടിഞ്ഞാറു നിന്നും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാനുള്ള സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല.

ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്

ജൂലൈ 24 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനിടയുള്ള തെക്ക് പടിഞ്ഞാറ്, മദ്ധ്യ പടിഞ്ഞാറ് അറബിക്കടല്‍.
ജൂലൈ 21 ന് തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനിടയുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍. അടുത്ത 24 മണിക്കൂറില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 4 മീറ്റര്‍ കൂടുതല്‍ ഉയരത്തില്‍ തിരമാല ഉണ്ടാവാന്‍ സാധ്യതയുണ്ട്.
മേല്‍പറഞ്ഞ സമുദ്ര ഭാഗങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാനുള്ള സാധ്യതയുള്ളതിനാല്‍ ഈ കാലയളവില്‍ പ്രസ്തുത പ്രദേശങ്ങളില്‍ കടലില്‍ പോകരുത്.

NO COMMENTS