കേരളത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ അടച്ചുപൂട്ടണമെന്ന് കെ സുരേന്ദ്രന്‍

169

തിരുവനന്തപുരം: കേരളത്തില്‍ ലൈസന്‍സില്ലാതെ ആയിരത്തോളം അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവ അടച്ചുപൂട്ടണമെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിലും അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾ അടച്ചുപൂട്ടണം. ലൈസൻസില്ലാതെ ആയിരത്തോളം അറവുശാലകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് ഇതുണ്ടാക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും മാരകമായ രോഗങ്ങൾ ബാധിച്ച കന്നുകാലികളെ ഒരു വൈദ്യപരിശോധനയും നടത്താതെ ചെക്ക് പോസ്ടുകളിൽ കൈക്കൂലി നൽകി ഇങ്ങോട്ടു കടത്തുകയാണ്. ഒട്ടും ഹൈജീനിക് അല്ലാത്ത പരിസരങ്ങളിലാണ് ഇവയെ അറുത്തു വിൽക്കുന്നത്. പത്തും ഇരുപതും കാലികളെ കൂട്ടിക്കെട്ടി ലോറികളിൽ കടത്തുന്നവർ ക്കെതിരെ ഒരു നടപടിയും കേരളത്തിൽ കൈക്കൊള്ളുന്നില്ല. മൃഗങ്ങളെ പീഡിപ്പിക്കാതെയും വേദനയില്ലാതെയുമാണ് ഗൾഫ് രാജ്യങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലും കശാപ്പ് ചെയ്യുന്നത്. ഇവിടെ ആർക്കും ഒരു നിയമവും ബാധകമല്ല.

എൻ. ജി. ടിയുടേയും സുപ്രീം കോടതിയുടേയും ഉത്തരവുകൾക്ക് ഇവിടെ പുല്ലുവിലയാണ്. ഇത് അധികകാലം തുടരാൻ കഴിയില്ല. കേന്ദ്രവനം പരിസ്ഥിതി വകുപ്പിന്റെ പുതിയ ഉത്തരവിനെ കേരളം പോസിററീവ് ആയി കാണണം. അറവുശാലകൾ ആധുനികവൽക്കരിക്കണം. ജന്തുപീഡനനിരോധനനിയമം പാലിച്ചും ആരോഗ്യപരിസ്ഥിതി നിബന്ധനകൾ അനുസരിച്ചും പ്രവർത്തിക്കുന്ന അറവുശാലകൾക്ക് ലൈസൻസ് പുതുക്കി കൊടുക്കണം. അല്ലാത്തവ അടച്ചുപൂട്ടണം. ഇതിനെ രാഷ്ട്രീയമുതലെടുപ്പിനുപയോഗിക്കുന്നവർക്ക് തിരിച്ചടിയായിരിക്കും വരാൻ പോകുന്നത്. ക്യാൻസറും ഹൃദ്രോഗങ്ങളും പ്രമേഹവുമുൾപ്പെടെ കേരളത്തിൽ പടരുന്നതിനെതിരെ ചിന്തിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ മതന്യൂനപക്ഷങ്ങളിലടക്കം ഉണ്ടെന്ന വസ്തുത എല്ലാവരും ഓർക്കുന്നത് നന്ന്.

NO COMMENTS

LEAVE A REPLY