ഭക്ഷണം കഴിക്കുന്നതു മൊബൈലിൽ പകർത്തിയ ആളെ ബിജിമോൾ ഓടിച്ചിട്ടു പിടികൂടി

262

ഏലപ്പാറ (ഇടുക്കി) ∙ വിവാഹ സൽക്കാരത്തിൽ ഭക്ഷണം കഴിക്കുന്നതു മൊബൈൽ ഫോണിൽ പകർത്തിയ പാർട്ടി പ്രവർത്തകനെ ഇ.എസ്.ബിജിമോൾ എംഎൽഎ ഓടിച്ചിട്ടു പിടികൂടി. ടൗണിലൂടെ പിന്നാലെ ഓടിയ ബിജിമോൾ ഇയാളെ പിടികൂടി അടിക്കാനോങ്ങിയെന്ന് ആരോപണമുണ്ട്. എംഎൽഎയുടെ ബന്ധു കൂടിയായ ഹോട്ടൽ ഉടമ പാർട്ടി പ്രവർത്തകനെ തല്ലി. നാട്ടുകാർ ഇടപെട്ടാണു മോചിപ്പിച്ചത്. ബിജിമോളുടെ പരാതിയെ തുടർന്ന് ഏലപ്പാറ അതുല്യ നിവാസിൽ എൻ.കെ.വൽസലനെതിരെ (57) പീരുമേടു പൊലീസ് കേസെടുത്തു.

സ്ത്രീകളുടെ സ്വകാര്യതയ്ക്കു ഭംഗം വരുത്തുന്ന രീതിയിൽ മൊബൈൽ ഫോണിൽ ചിത്രങ്ങൾ എടുക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അസഭ്യവാക്കുകൾ ഉപയോഗിക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണു വൽസലനെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നു പീരുമേടു സിഐ പി.വി.മനോജ്കുമാർ പറഞ്ഞു.

ബിജിമോൾ ഭക്ഷണം കഴിക്കുന്നതു വൽസലൻ വ‍ിഡിയോ ആയി മൊബൈൽ ഫോണിൽ പകർത്തി. ഒപ്പം, പീരുമേട് മണ്ഡലത്തിൽ ബിജിമോൾക്കു വോട്ടു കുറഞ്ഞതിനെപ്പറ്റി സംസാരിക്കുകയും ചെയ്തത്രേ. ‘ഒപ്പമിരിക്കുന്നവരെ സൂക്ഷിക്കണം, ആരെങ്കിലും ഭക്ഷണത്തിൽ വിഷം കലർത്തും’ എന്ന പരാമർശവും വൽസലൻ നടത്തിയെന്നു പറയുന്നു. ബിജിമോൾ ഇതു ചോദ്യംചെയ്തപ്പോൾ വൽസലൻ പുറത്തേക്കോടി. നടന്നുപോകുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും മൊബൈൽ ഫോൺ ക്യാമറയിൽ ചിത്രീകരിക്കുന്നതിൽ സഹികെട്ടാണു പ്രതികരിച്ചതെന്ന് ഇ.എസ്.ബിജിമോൾ മനോരമയോടു പറഞ്ഞു.

കൈകഴുകാൻ പോയപ്പോഴും ശുചിമുറിയിലേക്കു കയറിപ്പോയപ്പോഴും മൊബൈലിൽ പകർത്തിയെന്നും ബിജിമോൾ പറഞ്ഞു. വൽസലനെ മർദിച്ചിട്ടില്ല. മൊബൈലിൽ പകർത്തിയതു ചോദ്യംചെയ്തപ്പോൾ വൽസലൻ അസഭ്യം പറയുകയാണുണ്ടായതെന്നും ബിജിമോൾ പറഞ്ഞു.

അതേസമയം, വോട്ടു കുറഞ്ഞതു സംബന്ധിച്ചു ബിജിമോളോടു സംസാരിക്കുന്നതിനിടയിൽ എംഎൽഎയുടെ ബന്ധുവായ ഹോട്ടൽ ഉടമ തന്നെ മർദിച്ചെന്നു വൽസലൻ പറഞ്ഞു. ഓടിച്ചിട്ടു തല്ലി. 35 വർഷമായി എഐടിയുസി – സിപിഐ പ്രവർത്തകനായ താൻ പാർട്ടി എംഎൽഎയ്ക്കെതിരെ പൊലീസിൽ പരാതി നൽകില്ലെന്നും വൽസലൻ പറഞ്ഞു.
manorama

NO COMMENTS

LEAVE A REPLY