ബഹുഭാഷാ ഗാനങ്ങളുമായി ജ്യോതി മേനോന്‍ ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍

232

കൊച്ചി: മലയാളം ഹിന്ദി, തമിഴ് ഗാനങ്ങള്‍ കോര്‍ത്തിണക്കിയായിരുന്ന് ഇന്നലെ എറണാകുളം ജനറല്‍ ആശുപത്രിയിലെ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സംഗീത പരിപാടി അവതരിപ്പിച്ചത്. മലയാളത്തിലെ ആദ്യത്തെ സംഗീത റിയാലിറ്റി ഷോയിലൂടെ ആലാപന രംഗത്തെത്തിയ ജ്യോതി മേനോനാണ് ഗാനങ്ങള്‍ ആലപിച്ചത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, ലേക് ഷോര്‍ ആശുപത്രി, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്നിവ സംയുക്തമായി അവതരിപ്പിച്ചു വരുന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ 143-ാമത് ലക്കമാണ് ജ്യോതി മേനോന്‍ അവതരിപ്പിച്ചത്. ജൂക്കി, ജൂക്കി നസര്‍ എന്ന ജഗ്ജീത് സിംഗിന്റെ ഗസല്‍ ആലപിച്ചാണ് ജ്യോതി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയ്ക്ക് തുടക്കമിട്ടത്.

മേരെ മെഹ്ബൂബ് തുഝെ, അഗര്‍ മുഛ്‌സെ മൊഹബ്ബത് ഹെ എന്നീ ലതാ മങ്കേഷ്‌കറുടെ ഗാനങ്ങളുടെ അവതരണം ശ്രോതാക്കള്‍ ഏറെ ആസ്വദിച്ചു. പി സുശീലയുടെ രണ്ട് തമിഴ് ഗാനങ്ങള്‍ അവതരിപ്പിച്ചതും പരിപാടിയ്ക്ക് മിഴിവേകി. ഉന്നെ കാണാത കണ്ണും കണ്ണല്ലൈ, ആലയ മണിയില്‍ എന്നീ ഗാനങ്ങള്‍ പ്രത്യേക പ്രശംസ ഏറ്റുവാങ്ങി. ലോകം മുഴുവന്‍ സുഖം പകരാന്‍, ഒരു വട്ടം കൂടി ഓര്‍മ്മകള്‍ മേയുന്ന, മലര്‍ കൊടി പോലെ, ഉണ്ണി ആരാരിരോ, പൂന്തേനരുവീ, ഗോപുര മുകളില്‍ വാസന്ത പൗര്‍ണമി, കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍ എന്നീ മലയാള ഗാനങ്ങളും ജ്യോതി മേനോന്‍ അവതരിപ്പിച്ചു. തങ്ങളുടെ ട്രൂപ്പിലെ ഹാര്‍മോണിയം വായനക്കാരനായ ഹെര്‍ലോ ഡിക്രൂസിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി ജ്യോതി തുടങ്ങിയത്. നിരവധി സ്റ്റേജ് ഷോകളില്‍ പങ്കെടുക്കുന്ന ജ്യോതി തൃപ്പൂണിത്തുറ ആര്‍ എല്‍ വി സംഗീത കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയാണ്.

NO COMMENTS

LEAVE A REPLY