വിയോജിപ്പും ചര്‍ച്ചയും; വിപ്ലവ ചിത്രകാരന്‍ ബ്രിജ് മോഹന്‍ ആനന്ദിന്‍റെ സൃഷ്ടികളുടെ പ്രദര്‍ശനം

200

കൊച്ചി: മണ്‍മറഞ്ഞ വിപ്ലവ ചിത്രകാരന്‍ ബ്രിജ് മോഹന്‍ ആനന്ദിന്റെ സൃഷ്ടികളുടെ പ്രദര്‍ശനം കൊച്ചിയില്‍ നടക്കും. ഡിസംബര്‍ 12 ന് തുടങ്ങുന്ന കൊച്ചി ബിനാലെയുടെ ഭാഗമായാണ് സമാന്തര പ്രദര്‍ശനം. നവ സാമ്രാജ്യത്വം, സാംസ്‌കാരികമായ തെറ്റിദ്ധരിപ്പിക്കല്‍, ആണവ യുദ്ധം, മുതലാളിത്തം എന്നിവയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ച ഏക ശബ്ദമായിരുന്നു ബി എം ആനന്ദിന്റെ സൃഷ്ടികള്‍. വിയോജിപ്പും ചര്‍ച്ചയും: ബ്രിജ് മോഹന്‍ ആനന്ദിന്റെ കലയും രാഷ്ട്രീയവും എന്നാണ് പ്രദര്‍ശനത്തിന് പേരിട്ടിരിക്കുന്നത്.

യുവ ഗവേഷകയും എഴുത്തുകാരിയുമായ ശ്രുതി ഐസകാണ് ബി എം ആനന്ദിന്റെ പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍. എണ്ണ, ജലം, മഷി, പെന്‍സില്‍, ബോര്‍ഡ് എന്നിവ അടിസ്ഥാനമാക്കിയ ഛായാചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. പൊതു സമൂഹത്തില്‍ വിയോജിക്കാനും ചര്‍ച്ചകള്‍ ആവശ്യപ്പെടാനുമുള്ള അവകാശത്തെ പ്രതിഫലിപ്പിക്കുന്നതാകും തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍. 1986ല്‍ 58-ാം വയസ്സിലാണ് ആനന്ദ് അന്തരിച്ചത്.

വേദകാലം മുതല്‍ക്ക് തന്നെ വിയോജിക്കാനും ചര്‍ച്ചകള്‍ നടത്താനുമുളള സ്വാതന്ത്ര്യം ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്ന് ശ്രുതി ഐസക് ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ വിയോജിക്കാനുള്ള അവകാശം ഒഴിച്ചുകൂടാനാകില്ല. രാജ്യത്തെ കലയിലും രാഷ്ട്രീയത്തിലും വിയോജിക്കാനുള്ള അവകാശം വേണമോയെന്ന ചര്‍ച്ച നടക്കുന്ന ഇക്കാലത്ത് പ്രദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും അവര്‍ പറഞ്ഞു.

പ്രായോഗിക ജീവിതത്തിലെ മനുഷ്യന്റെ അവസ്ഥയെക്കുറിച്ചാണ് ആനന്ദിന്റെ സൃഷ്ടികള്‍ പലതും ബന്ധപ്പെട്ടിരിക്കുന്നത്. ലോകത്തെ മുഴുവന്‍ പൊതുസമൂഹമായി കണക്കാക്കിയാണ് അദ്ദേഹം ഈ സൃഷ്ടികള്‍ നടത്തിയിരിക്കുന്നത്. സമകാലീനരായ എഫ് എന്‍ സൂസ, എം എഫ് ഹുസൈന്‍, എസ് എച് റാസ എന്നിവര്‍ കലയുടെ ഔദ്യോഗിക ഘടകത്തെ മാത്രമാണ് സ്പര്‍ശിച്ചത്. എന്നാല്‍ ആനന്ദിന്റെ സൃഷ്ടികള്‍ അദ്ദേഹത്തിന്റെ കാലത്തെ രാഷ്ട്രീയവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ അടിച്ചേല്‍പ്പിച്ച നവ സാമ്രാജ്യത്വം, സാംസ്‌കാരികമായ തെറ്റിദ്ധരിപ്പിക്കല്‍, ആണവ യുദ്ധം, മുതലാളിത്തം എന്നിവയ്‌ക്കെതിരെ ശക്തമായ പ്രതികരണമാണ് അദ്ദേഹത്തിന്റെ സൃഷ്ടികളെന്നും ശ്രുതി വിശദീകരിച്ചു.

1500-ഓളം സൃഷ്ടികളാണ് ബി എം ആനന്ദിന്റേതായി ഇന്ന് അവശേഷിക്കുന്നത്. ബുക്ക്, പോസ്റ്റര്‍, പത്രം, മാസിക എന്നിവയിലെല്ലാമായി എണ്ണ, ജലം, മഷി, പെന്‍സില്‍, ബോര്‍ഡ് എന്നിവ അടിസ്ഥാനമാക്കിയ ഛായാചിത്രങ്ങളാണ് ആനന്ദ് വരച്ചിട്ടുള്ളത്. ദി നറേറ്റീവ്‌സ് ഓഫ് ഇന്ത്യന്‍ മോഡേണിറ്റി: ഈസ്തറ്റിക്‌സ് ഓഫ് ബ്രിജ് മോഹന്‍ ആനന്ദ് എന്ന പേരില്‍ ആനന്ദിന്റെ സൃഷ്ടികളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തുകാരിയായ അദിതി ആനന്ദ്, ലളിത കല ചരിത്രകാരന്‍ ഡോ ഗ്രാന്റ് പൂക്കേ എന്നിവര്‍ ചേര്‍ന്നാണ് ഈ പുസ്തകം രചിച്ചത്.

വിഭജനത്തില്‍ നിന്നും ആധുനിക ഇന്ത്യയിലേക്കുള്ള പ്രയാണം പ്രതിപാദിക്കുന്നതാണ് ബ്രിജ് മോഹന്‍ ആനന്ദിന്റെ സൃഷ്ടികള്‍. സ്വന്തം ജീവിതകാലത്തെ സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും നിശിതമായി വെല്ലുവിളിച്ച ശബ്ദമാണ് അദ്ദേഹത്തിന്റേതെന്ന് അദിതി ആനന്ദ് പറഞ്ഞു. രാജ്യത്തിന്റെ ആധുനികത, സ്വന്ത്രചിന്ത, സാമൂഹ്യ ഉത്തരവാദിത്തം എന്നീ മേഖലകളില്‍ മാറ്റി നിറുത്താനാവാത്തതാണ് ബി എം ആനന്ദിന്റെ ശബ്ദം. ഡിസംബര്‍ 12 ന് ആരംഭിക്കുന്ന ബിനാലെയുമായുള്ള സഹകരണത്തോടെ പ്രാതിനിധ്യം നഷ്ടപ്പെട്ട ഈ ശബ്ദത്തിന് പ്രാധാന്യം ലഭിച്ചുവെന്നും അവര്‍ പറഞ്ഞു.

പത്ത് സ്‌ക്രാച്ച് ബോര്‍ഡുകള്‍, പത്ത് സ്‌ക്രാച്ച് ബോര്‍ഡ് വരകള്‍, പതിമ്മൂന്നെണ്ണമുള്ള മൂന്ന് സെറ്റ് ഡ്രോയിംഗ് മഷിയിലും വാട്ടര്‍ കളറിലുമുള്ള ഓരോ ചിത്രങ്ങളുമാണ് പ്രദര്‍ശനത്തിന് വയ്ക്കുക. ആധുനിക ഇന്ത്യയുടെ ശീതയുദ്ധ ആണവായുധ സ്വപ്നങ്ങളെയും, സാങ്കേതികവും സാമ്പത്തികവുമായ മുന്നേറ്റങ്ങളെയും കുറിച്ച് വ്യത്യസ്ത വീക്ഷണത്തിലുള്ള ചര്‍ച്ചയാണ് അദ്ദേഹം സ്വന്തം സൃഷ്ടികളിലൂടെ നല്‍കുന്നത്.

ആധുനിക ലോകത്തെ നേരിട്ട് പ്രതിഫലിപ്പിക്കുന്നതാകണം കലയെന്ന് വിശ്വസിച്ചയാളാണ് ബി എം ആനന്ദ്. അദ്ദേഹത്തിന്റെ സമര്‍പ്പണത്തിനും താത്പര്യത്തിനും ലഭിക്കുന്ന അംഗീകാരമാകും ഈ പ്രദര്‍ശനമെന്നും ശ്രുതി ഐസക് അഭിപ്രായപ്പെട്ടു.

NO COMMENTS

LEAVE A REPLY