പന്ത്രണ്ടോളം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയ്ക്ക് അംഗീകാരം

299

ന്യൂഡല്‍ഹി: പന്ത്രണ്ടോളം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീതി ആയോഗ് തീരുമാനത്തിന് കേന്ദ്രമന്ത്രി സഭാ യോഗത്തില്‍ പ്രാഥമിക അംഗീകാരം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിന് ശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇക്കാര്യം അറിയിച്ചത്. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാന്‍ ഓഹരികള്‍ വിറ്റഴിക്കണമെന്ന് നീതി ആയോഗ് അധികാരമേറ്റ ശേഷം പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതത്തുുടര്‍ന്നാണ് മന്ത്രിസഭ ഇതിന് അനുമതി നല്‍കിയത്. നഷ്ടത്തില്‍ നിന്നും കരകയറാന്‍ 32 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കണമെന്നായിരുന്നു നീതി ആയോഗ് നിര്‍ദേശിച്ചിരുന്നത്. ഇതില്‍ എയര്‍ ഇന്ത്യ, ഫാക്‌ട്, ചെന്നൈ പെട്രോളിയം, മദ്രാസ് ഫെര്‍ട്ടലൈസര്‍ എന്നിവ അടക്കം ഉള്‍പ്പെടുന്നുണ്ട്. ഇങ്ങനെ ഓഹരികള്‍ വിറ്റഴിക്കല്‍ വഴി 56425 കോടി സമാഹരിക്കാമെന്നായിരുന്നു നീതി ആയോഗിന്റെ നിര്‍ദേശം. 49 ശതമാനം ഓഹരികള്‍ സര്‍ക്കാരില്‍ നിലനിര്‍ത്തി ബാക്കി വിറ്റഴിക്കാമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. ഇതില്‍ 12 സ്ഥാപനങ്ങളുടെ കാര്യത്തിലാണ് ഇപ്പോള്‍ പ്രാഥമിക അംഗീകരം നല്‍കിയിരിക്കുന്നത്. നീതി ആയോഗ് സമര്‍പ്പിച്ച ഓരോ പൊതുമേഖലാ സ്ഥാപനത്തെയും പ്രത്യേകം പരിഗണിച്ചാണ് ഇതിന്റെ ഓഹരികള്‍ ലേലത്തിലൂടെ വിറ്റഴിക്കുക. ഓഹരി വിറ്റഴിക്കല്‍ വിഭാഗത്തിന്റെയും മന്ത്രിമാരുടെയും പ്രത്യേകം പരിശോധനയ്ക്ക് ശേഷമായിരിക്കും നടപടിയെന്നും യോഗത്തില്‍ ധനമന്ത്രി അറിയിച്ചു. ഇപ്പോള്‍ പ്രഥമിക അംഗീകാരം മാത്രമാണ് മന്ത്രിസഭ നല്‍കിയത്. ബാക്കിയുള്ള കാര്യങ്ങള്‍ വിശദമായ പഠനത്തിന് ശേഷം തീരുമാനിക്കാമെന്നും ജെയ്റ്റ്ലി അറിയിച്ചു.

NO COMMENTS

LEAVE A REPLY