കുട്ടിക്കടത്ത് റാക്കറ്റ് : ബി.ജെ.പി വനിതാ നേതാവ് അറസ്റ്റില്‍

241

കൊല്‍ക്കൊത്ത: കുട്ടികളെ കടത്തിക്കൊണ്ടുപോകുന്ന റാക്കറ്റ് നിയന്ത്രിച്ചിരുന്ന ബി.ജെ.പി വനിതാ നേതാവിനെ പശ്ചിമ ബംഗാളില്‍ അറസ്റ്റു ചെയ്തു. പാര്‍ട്ടി വനിതാ വിഭാഗ നേതാവ് ജൂഹി ചൗധരിയാണ് അറസ്റ്റിലായത്. കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രത്തിന്റെ മറവിലായിരുന്നു ഇവരുടെ ഇടപാടുകള്‍. ജല്‍പായ്ഗുരിയില്‍ ഇവര്‍ നടക്കുന്ന എന്‍ജിഒയ്ക്ക് സര്‍ക്കാരിന്റെ ലൈസന്‍സും ഫണ്ടും ലഭിച്ചിരുന്നു. ചന്ദന ചക്രബര്‍ത്തിയാണ് എന്‍ജിഒയുടെ മേധാവി. ബി.ജെ.പിയുടെ രാജ്യസഭാംഗമായ രൂപ ഗാംഗുലി, പാര്‍ട്ടിയുടെ പശ്ചിമ ബംഗാള്‍ ചുമതലയുള്ള നേതാവായ കൈലാഷ് വിജയവര്‍ഗിയ എന്നിവരും എന്‍ജിഒയില്‍ അംഗങ്ങളാണ്. ഇന്നലെ വൈകിട്ട് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ ഡാര്‍ജലിംഗില്‍ നിന്നാണ് ജൂഹി ചൗധരിയെ പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു. സംഘടനയുടെ കീഴില്‍ കഴിഞ്ഞിരുന്ന കുട്ടികളെ നവംബറില്‍ മറ്റിടങ്ങളിലേക്ക് കൊണ്ടുപോയി എന്നാണ് സി.ഐ.ഡി കണ്ടെത്തിയിരുക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമായി 17 കുട്ടികളെ ഇവര്‍ വിറ്റിട്ടുണ്ട്. കേസില്‍ നാലു പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും സി.ഐ.ഡി അറിയിച്ചു. എന്നാല്‍ സി.ഐ.ഡിയെ രാഷ്ട്രീയ നേട്ടത്തിന് സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും തെളിവുകളില്ലാതെയാണ് തങ്ങള്‍ക്കെതിരെ കേസെന്നും രൂപ ഗാംഗുലി ആരോപിച്ചു. കുട്ടികളെ വില്‍ക്കുകയല്ല, ദത്തുനല്‍കുകയായിരുന്നുവെന്നാണ് എന്‍.ജി.ഒ പറയുന്നത്.

NO COMMENTS

LEAVE A REPLY