ഹിലറി-ട്രംപ് അവസാന സംവാദം ഇന്ന്

220

വാഷിങ്ടന്‍ • അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ മൂന്നാമത്തെ സംവാദം ഇന്നു നടക്കും. ഇന്നു രാത്രി ഒന്‍പതിന് (ഇന്ത്യന്‍ സമയം നാളെ രാവിലെ 6.30 മുതല്‍) ആണ് അവസാനത്തേതു കൂടിയായ സംവാദം നടക്കുക. ലാസ്വേഗസിലെ നെവേദ യൂണിവേഴ്സിറ്റിയാണു വേദി. ഫോക്സ് ന്യൂസിലെ അവതാരകനായ ക്രിസ് വാലസ് ആയിരിക്കും മോഡറേറ്റര്‍.
അതേസമയം പ്രചാരണം അന്തിമഘട്ടത്തിലേക്കു കടക്കവേ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റനെ വ്യക്തിപരമായി ആക്രമിക്കുന്ന ഗുരുതരമായ ആരോപണങ്ങള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് ഉന്നയിച്ചു. ‘സ്വന്തം നേട്ടത്തിനായി അമേരിക്കന്‍ സര്‍ക്കാരിനെ വശത്താക്കാന്‍ ‘ക്രിമിനല്‍ സംഘ’ത്തെ നിയോഗിച്ചിരിക്കുകയാണു ഹിലറി.

മാധ്യമങ്ങളെ ഉപയോഗിച്ചു വോട്ടര്‍മാരുടെ മനസ്സ് വിഷലിപ്തമാക്കി അട്ടിമറി നടത്താനുള്ള സാഹചര്യമുണ്ടാക്കുകയാണു ലക്ഷ്യം. ഇതിനായാണു മാധ്യമങ്ങള്‍ കള്ളക്കഥകള്‍ ചമയ്ക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ളവരില്‍ ഏറ്റവും വലിയ അഴിമതിക്കാരിയാണു ഹിലറി’- ട്രംപ് ആരോപിച്ചു.ഹിലറിയുമായി ബന്ധപ്പെട്ട രേഖകള്‍ വിക്കിലീക്സ് പുറത്തുവിട്ട സാഹചര്യത്തിലാണു ട്രംപിന്റെ ആരോപണം. അതേസമയം വിക്കിലീക്സ് രേഖകളുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു സംവാദത്തിനിടെ ഹിലറി ഉത്തരം പറയേണ്ടിവരുമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ രണ്ടു സംവാദങ്ങള്‍ക്കു ശേഷം ആറുമുതല്‍ ഏഴുവരെ പോയിന്റിനു ഹിലറി മുന്നിട്ടുനില്‍ക്കുന്നതായാണു സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ഈ മുന്നേറ്റം നിലനിര്‍ത്താന്‍ കഴിയുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

NO COMMENTS

LEAVE A REPLY