ഓൺലൈൻ മദ്യവിൽപന നടപ്പാക്കില്ലെന്നു സഹകരണമന്ത്രി എ.സി.മൊയ്തീൻ

256

തിരുവനന്തപുരം ∙ കൺസ്യൂമർഫെഡിന്റെ ഓൺലൈൻ മദ്യവിൽപന നടപ്പാക്കില്ലെന്നു സഹകരണമന്ത്രി എ.സി.മൊയ്തീൻ. കൺസ്യൂമർഫെഡ് ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചിട്ടില്ല. അങ്ങനെവന്നാൽതന്നെ നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു.

കൺസ്യൂമർഫെഡിന്റെ ഓൺലൈൻ മദ്യവിൽപന നിയമവിധേയമല്ലെന്നും അനുവദിക്കാനാകില്ലെന്നും എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങു പറഞ്ഞിരുന്നു. ഓൺലൈനിലൂടെ മദ്യവിൽപന നടത്താൻ കൺസ്യൂമർ ഫെഡിന് അനുമതി നൽകാനാവില്ല. നിശ്ചിത കെട്ടിടത്തിൽ മദ്യവിൽപ്പന നടത്താനാണു എക്സൈസ് അനുമതി നൽകുന്നത്. ഓൺലൈൻ വിൽപനയിൽ ഇതു സാധ്യമല്ല. 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കരുതെന്ന നിയമം ഓൺലൈൻ വിൽപനയിൽ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാവില്ലെന്നും ഋഷിരാജ് സിങ് പറഞ്ഞു. കുഷ്ടരോഗികൾക്ക് മദ്യം നൽകരുതെന്ന നിയമവും പാലിക്കാനാവില്ല. ഓൺലൈൻ വഴി മദ്യവിൽപന നടത്തുന്ന കാര്യം കൺസ്യൂമർഫെഡ് എക്സൈസ് വകുപ്പുമായി ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓണം മുതല്‍ ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ അറിയിച്ചതായിട്ടായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ പിന്നീട് ഇക്കാര്യം നിഷേധിച്ച് കണ്‍സ്യൂമര്‍ ഫെഡ് എംഡി രംഗത്തെത്തി. ഫോൺവഴിയും ഇ–മെയിൽ വഴിയും ബുക്ക് ചെയ്യുന്ന വ്യക്തികൾക്ക് ക്യൂ നിൽക്കാതെ മദ്യം വാങ്ങാൻ പ്രത്യേക കൗണ്ടർ ക്രമീകരിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. വീടുകളിൽ മദ്യമെത്തിച്ചുകൊടുക്കും എന്നല്ല ഇതിനർഥം. ചെയർമാൻ എം. മെഹബൂബിന്റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റിദ്ധരിച്ചതാണെന്നും എംഡി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY