സകാക്ക (സൗദി അറേബ്യ) ∙ സൗദിയിലെ സകാക്കയില്‍ ഉത്തര്‍പ്രദേശ് സ്വദേശി മരിച്ച സംഭവത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യാക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയോടൊപ്പം കഴിഞ്ഞവരെയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. കരുനാഗപ്പളളി, പത്തനംതിട്ട, കണ്ണൂര്‍ സ്വദേശികളാണ് കസ്റ്റഡിയിലുളള മലയാളികള്‍.
സകാക്ക സെന്‍ട്രല്‍ ആശുപത്രിയിലെ മെയിന്റനന്‍സ് വിഭാഗം കരാര്‍ ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായി. കഴുത്തില്‍ തുണി കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. വയറ്റില്‍ കത്തി കൊണ്ടുളള മുറിവും ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് സഹതാമസക്കാരായ അഞ്ചുപേരെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ സകാക്ക ഖാലിദിയ പൊലീസ് സ്‌റ്റേഷനിലാണുളളത്. മരിച്ചയാള്‍ക്ക് രണ്ട് മാസത്തിലേറെയായി ശമ്പളം കിട്ടിയിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ജോലിക്ക് പോകാതെ മുറിയില്‍ കഴിയുകയായിരുന്നു. കൂടെയുളളവര്‍ രാവിലെ ഏഴിന് ജോലിക്ക് പോകുമ്പോള്‍ ഇയാള്‍ ഉറക്കത്തിലായിരുന്നു.
ജോലികഴിഞ്ഞെത്തിയ സുഹൃത്തുക്കള്‍ മുറിയില്‍ മൃതദേഹം കിടക്കുന്നതാണ് കണ്ടത്. മുറി പൂട്ടിയ നിലയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ അന്വേഷണം നടത്തും. അതിന് ശേഷം മാത്രമേ കൊലപാതകമാണോ എന്ന് തിരിച്ചറിയാന്‍ കഴിയുകയുളളൂവെന്ന് പോലീസ് അറിയിച്ചു.