ഇരിങ്ങാലക്കുട: ഓട്ടന്തുള്ളല് കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദന് (58) അന്തരിച്ചു. ഇരിങ്ങാലക്കുട അവിട്ടത്തൂരില്‍ ക്ഷേത്രത്തില്‍ ഓട്ടന്തുള്ളല് അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണായിരുന്നു അന്ത്യം.ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുള്ളലിനെ പ്രോത്സാഹിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടി കലോത്സവ വേദികളിലെ നിരന്തര സാന്നിദ്ധ്യമായി മാറിയ വ്യക്തിയായിരുന്നു ഗീതാനന്ദന്. കലാമണ്ഡലത്തില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കമലദളം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തി. പിന്നീട് ‘തൂവല്‍ കൊട്ടാരം’, ‘മനസിനക്കരെ’, ‘നരേന്ദ്രന് മകന് ജയകാന്തന്‍ വക’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വലുതും ചെറുതുമായ വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. രാജ്യത്തിനകത്തും പുറത്തുമായി 5000ത്തിലധികം തുള്ളല്‍ വേദികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് അദ്ദേഹം.