റേഷനരി മുട്ടിച്ച കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധ സമരം തുടരുമെന്ന് വി.എം.സുധീരന്‍

749

കേരളത്തിലെ സാധരണക്കാരുടെ റേഷനരി മുട്ടിച്ച കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധ സമരം തുടരുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. ഇന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കെ.പി.സി.സി ആഹ്വാനം അനുസരിച്ച് നടത്തിയ വില്ലേജ് ഓഫീസുകള്‍ക്ക് മുമ്പില്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയുടേയും സംസ്ഥാനത്തല ഉദ്ഘാടനം പേട്ട വില്ലേജ് ഓഫീസിനുമുന്നില്‍ നിര്‍വ്വഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

റേഷന്‍ വിതരണ കാര്യത്തില്‍യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോയത്. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ പ്രത്യേക പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് അതിന് പരിഹാരം ഉണ്ടാകുന്നതിന് മുഖ്യമന്ത്രിയുടേയോ വകുപ്പ്മന്ത്രിയുടേയോ ഭാഗത്ത് നിന്നും ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ല. അനങ്ങാപ്പാറ നയമാണ് അവര്‍ സ്വീകരിച്ചത്. നേരത്തെ താലൂക്ക് അടിസ്ഥാനത്തിലാണ് മുന്‍ഗണനാലിസ്റ്റ് യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ സംസ്ഥാന തലത്തിലുള്ള പട്ടിക തയ്യാറാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാന്‍ ഇടവരുത്തി. ലിസ്റ്റ് സംബന്ധിച്ച് 7 ലക്ഷം പരാതികളാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. ഇനിയുമത് വലിയതോതില്‍ വര്‍ധിക്കാനാണ് സാധ്യത.

ബി.പി.എല്‍. കാര്‍ഡ് ഉണ്ടായിട്ടും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത പരാതി വ്യാപിച്ചിരിക്കുകയാണ്. പരാതിക്ക് പരിഹാരം കാണാന്‍ നംവബര്‍ 5 എന്ന കാലാവധി മതിയാവില്ല. സമയം മതിയായ നിലയില്‍ നീട്ടി നല്‍കണം. പരാതി പരിഹാരത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ കുറ്റമറ്റ സംവിധാനം വേണം. ത്രിതല പഞ്ചായത്ത് നഗരസഭാ പ്രതിനിധികളുടേയും പൊതുപ്രവര്‍ത്തകരുടേയും സേവനം ഇക്കാര്യത്തില്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണം. സംസ്ഥാനത്തിന് അര്‍ഹമായി കിട്ടേണ്ട ഭക്ഷ്യധാന്യവും മണ്ണെണ്ണയും വെട്ടിക്കുറച്ചതിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരേയും കണ്ട് ശക്തമായ സമര്‍ദ്ദം ചെലുത്തുന്നതിന് എം.പി.മാരെ ഉള്‍പ്പെടുത്തി സര്‍വ്വകക്ഷി സംഘം ഡല്‍ഹിക്ക് പോകണമെന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY