പത്താം ക്ലാസ് സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷ പുനഃസ്ഥാപിച്ചേക്കും

297

ന്യൂഡല്‍ഹി• പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കുന്നതു തിരിച്ചുകൊണ്ടുവരാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (സിബിഎസ്‌ഇ) ആലോചിക്കുന്നു. ഇതോടൊപ്പം പത്താം ക്ലാസ് വരെ കുട്ടികളെ തോല്‍പിക്കാന്‍ പാടില്ലെന്ന നയവും പുനഃപരിശോധിക്കും. വിദ്യാര്‍ഥികളില്‍ നിലവാരത്തകര്‍ച്ചയുണ്ടായതായി ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്നാണിത്. ബോര്‍ഡ് പരീക്ഷ തിരിച്ചുകൊണ്ടുവരുന്നത് ആലോചനയിലാണെന്നും അന്തിമ തീരുമാനം 25നു ചേരുന്ന എജ്യൂക്കേഷന്‍ ബോര്‍ഡ് കേന്ദ്ര ഉപദേശക സമിതി (സിഎബിഇ) യോഗത്തില്‍ തീരുമാനിക്കുമെന്നും കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. തോല്‍പിക്കാന്‍ പാടില്ലെന്ന നയം അഞ്ചാം ക്ലാസോ എട്ടാം ക്ലാസോ വരെ ആക്കുന്നതും യോഗത്തില്‍ തീരുമാനിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനത്തിനു തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടാകും. നയമാറ്റം 2018 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷകള്‍ ഇല്ലാതാക്കിയതും എല്ലാവരെയും ജയിപ്പിക്കുന്നതുമായ നയം സ്വീകരിച്ചതു വിദ്യാര്‍ഥികളുടെ പഠനനിലവാരത്തെ കാര്യമായി ബാധിച്ചതായാണ് അക്കാദമിക് വിദഗ്ധരുടെയും രക്ഷിതാക്കളുടെ സംഘടനകളുടെയും വിലയിരുത്തല്‍. അഞ്ചു സംസ്ഥാനങ്ങളില്‍നിന്നുള്ള മന്ത്രിമാരുടെ സമിതി ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. സിബിഎസ്‌ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ നിര്‍ത്തിയതു 2012ല്‍ ആണ്. താല്‍പര്യമുള്ളവര്‍ക്കു ബോര്‍ഡ് പരീക്ഷ തിരഞ്ഞെടുക്കുകയുമാവാം. വര്‍ഷം മുഴുവന്‍ നീളുന്ന ടെസ്റ്റുകളും ഗ്രേഡുകളുമായി സിസിഇ സംവിധാനമാണു പകരം നടപ്പാക്കിയത്.

NO COMMENTS

LEAVE A REPLY