പുതിയ 1000 രൂപ നോട്ടുകള്‍ മാര്‍ച്ചില്‍ എത്തും

253

ന്യൂഡല്‍ഹി: കറന്‍സി ക്ഷാമം പരിഹരിക്കാന്‍ പിന്‍വലിച്ച ആയിരം രൂപയ്ക്ക പകരം പുതിയ ആയിരം രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍ബിഐ. കറന്‍സി പിന്‍വലിച്ചതുമൂലമുണ്ടായ രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാനാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നടപടിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നോട്ട് നിരോധനം ഒരുവിധം എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്നും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
പുതിയ രൂപത്തിലുള്ള ആയിരം രൂപ നോട്ടുകള്‍ മാര്‍ച്ച്‌ മാസത്തോടെ വിപണിയിലിറക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനുവരിയില്‍ 1000 ത്തിന്റെ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ 500 രൂപ നോട്ടിന്റെ ഡിമാന്റ് വര്‍ധിച്ചതുകാരണം 1000 രൂപ നോട്ടുകളുടെ അച്ചടി വൈകുകയാണുണ്ടായത്. ആര്‍.ബി.ഐ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിക്കുന്നതിനു മുന്‍പ് തന്നെ സമൂഹമാധ്യമങ്ങളില്‍ ആയിരം രൂപയുടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. നോട്ടുകള്‍ ഇറക്കുമെന്ന് റിസര്‍വ്വ്ബാങ്ക് അറിയിച്ചിരുന്നെങ്കിലും ഇതിന്റെ രൂപഘടനയെ പറ്റിയുള്ള തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. അതിനിടെ പണം വില്‍ക്കലിന് കൂടതല്‍ ഇളവുകള്‍ അനുവദിച്ചത് നിലവില്‍വന്നു. ബാങ്കുകളില്‍ നിന്ന് ആഴ്ചയില്‍ 50,000 രൂപ പിന്‍വലിക്കാമെന്ന റിസര്‍വ് ബാങ്ക് ഉത്തരവ് ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. എന്നാല്‍ എടിഎമ്മില്‍ നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി പതിനായിരമാക്കി പല ബാങ്കുകളും നിലനിര്‍ത്തി.

നവംബര്‍ എട്ടിലെ നോട്ടസാധുവാക്കലിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒന്നൊന്നായി റിസര്‍വ് ബാങ്ക് പിന്‍വലിക്കുകയാണ്. ഇതനുസരിച്ചാണ് പ്രതിവാരം ബാങ്കുകളില്‍ നിന്നോ എടിഎമ്മില്‍ നിന്നോ പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 50,000 രൂപയായി ആര്‍ബിഐ ഉയര്‍ത്തിയത്. നേരത്തെ ഇത് ആഴ്ചയില്‍ 24,000 രൂപയായിരുന്നു. ഫെബ്രുവരി 20 മുതല്‍ 50,000 രൂപ പിന്‍വലിക്കാമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നതെങ്കിലും 21 മുതലാണ് ഭൂരിഭാഗം ബാങ്കുകളും ഇളവ് പ്രാബല്യത്തിലാക്കുന്നത്. ഇതനുസരിച്ച്‌ ബാങ്കില്‍ നിന്ന് ഒറ്റയടിക്ക് അര ലക്ഷം രൂപ വരെ പിന്‍വലിക്കാമെങ്കിലും എടിഎമ്മിലെ നിയന്ത്രണം തുടരും. എടിഎം വഴി പിന്‍വലിക്കാവുന്ന തുകയുടെ പരിധി ആര്‍ബിഐ നേരത്തേ ഒഴിവാക്കിയിരുന്നെങ്കിലും എസ്ബിഐയും എസ്ബിടിയും അടക്കമുള്ള ബാങ്കുകള്‍ പ്രതിവാര പരിധി 10,000 രൂപയാക്കി നിലനിര്‍ത്തിയിരിക്കുകയാണ്. കറന്‍സി ദൗര്‍ലഭ്യമാണ് പരിധി ഉയര്‍ത്താത്തിന് പിന്നിലെന്നാണ് സൂചന.നോട്ടസാധുവാക്കലിന് മുമ്ബ് ഒരു ദിവസം 40,000 രൂപ വരെ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ സൗകര്യമുണ്ടായിരുന്നു. മാര്‍ച്ച്‌ 13 മുതല്‍ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം പൂര്‍ണമായും നീക്കുമെന്നാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപനം. മാര്‍ച്ച്‌ 13ന് ശേഷം എടിഎം നിയന്ത്രണവും ഒഴിവാക്കുമെന്നാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ.

NO COMMENTS

LEAVE A REPLY