സൈന്‍സ് 2016ല്‍ ഡെലിഗേറ്റുകളുടെ റെക്കോര്‍ഡ് പങ്കാളിത്തം

205

കൊച്ചി : നാലുദിവസം പിന്നിട്ട സൈന്‍സ് ഹ്രസ്വചിത്ര, ഡോക്കുമെന്ററി മേളയില്‍ രജിസ്റ്റര്‍ ചെയ്തു പ്രവേശനം നേടിയത് ആയിരത്തിലധികം ഡെലിഗേറ്റുകള്‍. സമാപനത്തിന് ഒരു ദിവസം ബാക്കിനില്‍ക്കെ, ഇതോടെ ജനകീയമായ ചലച്ചിത്രമേളയുടെ പത്താംപതിപ്പ് ഏറ്റവുമധികം ജനപങ്കാളിത്തം നേടിയ സൈന്‍സ് മേളയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഇന്ത്യ (കേരള) സംഘടിപ്പിച്ച മേളയില്‍, ചലച്ചിത്രപ്രദര്‍ശനത്തിന് സമാന്തരമായി നടന്ന സംഭാഷണ, പ്രഭാഷണ, സംവാദ പരിപാടികളില്‍ ഡെലിഗേറ്റുകളുടെ സജീവ പങ്കാളിത്തവും ശ്രദ്ധേയമായി.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ പതിപ്പില്‍ ഡെലിഗേറ്റുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായതായി സംഘാടകരും അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടത്തെ കഠിന പ്രയത്‌നത്തിലൂടെ വ്യത്യസ്ത സിനിമയ്ക്കും സിനിമാ പഠനങ്ങള്‍ക്കുമായുള്ള മേള എന്ന നിലയില്‍ സൈന്‍സ് മേള പ്രശസ്തി നേടിയെടുത്തയായി സൈന്‍സ് 2016ന്റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സി.എസ്. വെങ്കടേശ്വരന്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ അവലംബിച്ച രീതിയുടെ തുടര്‍ച്ചയായി ഈ വര്‍ഷവും മികച്ച പ്രേക്ഷകപങ്കാളിത്തത്തില്‍ ഇത് പ്രതിഫലിച്ചിട്ടുണ്ട്. ഡെലിഗേറ്റുകളുടെ, വിശേഷിച്ചും വിദ്യാര്‍ഥികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് സമാന്തര ദൃശ്യ സാധ്യതകളുടെ ലോകം തുറന്നുകാണിക്കുന്നതിനും പുതിയ തലമുറയുമായി സംവാദത്തിന് വേദി ഒരുക്കുന്നതിനുമുള്ള മേളയുടെ ലക്ഷ്യത്തെ സഹായിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രധാനമായും മീഡിയ, ആര്‍ട്ട് സ്‌കൂളുകള്‍ അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാലിക സിനിമയുടെ ഈ മേളയില്‍ വിദ്യാര്‍ഥി പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി.ഇരുനൂറോളം ഹ്രസ്വചിത്രങ്ങളും ഡോക്കുമെന്ററികളും അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ വിന്‍ഡോ, ഹൈകു സിനിമ, ആര്‍ട്ടിസ്റ്റ്‌സ് സിനിമ, റിട്രോസ്‌പെക്റ്റീവ്, ഹോമേജ്, ഫോക്കസ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. പ്രശ്‌സത ഡോക്കുമെന്ററി സംവിധായകന്‍ രാകേഷ് ശര്‍മ്മ തലവനായ ജൂറി മത്സരവിഭാഗത്തിലെ മികച്ച ഹ്രസ്വചിത്രം, മികച്ച ഡോക്കുമെന്ററി എന്നിവ തെരഞ്ഞെടുക്കും. ജേതാക്കളെ സൈന്‍സ് 2016ന്റെ സമാപനദിവസമായ ഞായറാഴ്ച പ്രഖ്യാപിക്കും.