കേരളത്തില്‍നിന്ന് ഐ.എസില്‍ ചേര്‍ന്ന സജീര്‍ മംഗലശ്ശേരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌

236

ന്യൂഡല്‍ഹി: കേരളത്തില്‍നിന്ന് ഐ.എസില്‍ ചേര്‍ന്നവരുടെ തലവന്‍ സജീര്‍ മംഗലശ്ശേരി അബ്ദുള്ള അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന. അഫ്ഗാനിസ്ഥാനില്‍നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍ ഔദ്യോഗികമായി കൈമാറേണ്ടതാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. നംഗാര്‍ഹര്‍ പ്രവിശ്യയിലെ ഷാദല്‍ ബസാര്‍ വാലിയില്‍ ഇപ്പോഴും യു.എസ് – അഫ്ഗാന്‍ വ്യോമസേനകള്‍ ആക്രമണം നടത്തുകയാണെന്നും കൊല്ലപ്പെട്ടവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നുമാണ് അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ള വിവരം. കോഴിക്കോട് മൂഴിക്കല്‍ സ്വദേശിയാണ് സജീര്‍ മംഗലശ്ശേരി അബ്ദുള്ള. കോഴിക്കോട് എന്‍.ഐ.ടിയില്‍നിന്ന് സിവില്‍ എന്‍ജിനിയറിങ് ബിരുദം നേടിയശേഷം ജോലിതേടി സൗദിയിലെത്തിയ സജീര്‍ അവിടെനിന്നാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തേക്ക് പോയത്.
കേരളത്തില്‍നിന്ന് അഫ്ഗാനിസ്താനിലെ ഐ.എസ് ക്യാമ്പിലേക്ക് പരിശീലത്തിനുപോയ 21 പേരെ റിക്രൂട്ട് ചെയ്തത് സജീറാണെന്ന് എന്‍.ഐ.എ നേരത്തെ കണ്ടെത്തിയിരുന്നു. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലായിരുന്നു സജീറിന്റെ സ്‌കൂള്‍ പഠനം. നാട്ടുകാരുമായി അധികം ഇടപഴകുന്ന സ്വഭാവം സജീറിന് ഉണ്ടായിരുന്നില്ല.എന്‍.ഐ.ടിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കോഴിക്കോട് മൂഴിക്കലിലേക്ക് താമസം മാറ്റിയത്.

NO COMMENTS

LEAVE A REPLY