പോളിയോ പ്രതിരോധ തുള്ളിമരുന്നു വിതരണം ജനുവരി 29നും ഏപ്രില്‍ രണ്ടിനും

357

ആലപ്പുഴ: പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്നു വിതരണം ജനുവരി 29നും ഏപ്രില്‍ രണ്ടിനും നടക്കുമെന്ന് ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ നടന്ന മുന്നൊരുക്ക അവലോകന യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു കളക്ടര്‍. അഞ്ചുവയസിനു താഴെയുള്ള 1,41,785 കുട്ടികള്‍ക്കാണ് രണ്ട് അധിക ഡോസ് പ്രതിരോധതുള്ളിമരുന്ന് നല്‍കുന്നത്. ജില്ലയില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ 589 കുട്ടികള്‍ക്കും പ്രതിരോധ തുള്ളിമരുന്നു നല്‍കും. വിതരണത്തിനായി ജില്ലയില്‍ 1392 ബൂത്തുകള്‍ സജ്ജീകരിക്കും.

നഗരമേഖലയില്‍ 287ഉം ഗ്രാമീണ മേഖലയില്‍ 1105 ബൂത്തുകളുമാണ് സജ്ജീകരിക്കുക.
37 ട്രാന്‍സിറ്റ് ബൂത്തുകള്‍ വഴിയും 54 മൊബൈല്‍ ബൂത്തുകള്‍ വഴിയും തുള്ളിമരുന്നു നല്‍കും. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ജനത്തിരക്കേറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബൂത്തുകളുണ്ടാകും. ഉത്സവ ആഘോഷങ്ങള്‍ നടക്കുന്ന രണ്ടിടങ്ങളിലും ബൂത്ത് സജ്ജീകരിക്കും. ആരോഗ്യവകുപ്പ്് ജീവനക്കാര്‍, അങ്കണവാടി ജീവനക്കാര്‍, ആശ-കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കാളികളാകും. 7685 സന്നദ്ധപ്രവര്‍ത്തകരെയും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് 219 ഉദ്യോഗസ്ഥരെയും നിയോഗിക്കും. ജനുവരി 30, 31 തീയതികളിലും ഏപ്രില്‍ 3, 4 തീയതികളിലും ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച്‌ തുള്ളിമരുന്നു നല്‍കിയോയെന്ന് ഉറപ്പുവരുത്തും. തുള്ളിമരുന്നു ലഭിക്കാത്തവര്‍ക്ക് നല്‍കും. ഇതോടനുബന്ധിച്ച്‌ പ്രചാരണ, ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. തുള്ളിമരുന്നുവിതരണവുമായി ബന്ധപ്പെട്ട ദിവസങ്ങളില്‍ വൈദ്യുതി മുടക്കം ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കാന്‍ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. ഡി. വസന്തദാസ്, ഡോ. സി. മുരളീധരന്‍, ആര്‍.സി.എച്ച്‌. ഓഫീസര്‍ കെ.ബി. മോഹന്‍ദാസ്, ഡോ. സൈറു ഫിലിപ്പ്, ജില്ലാ ലേബര്‍ ഓഫീസര്‍ ആര്‍. ഹരികുമാര്‍, ഡിവൈ.എസ്.പി. കെ. സുഭാഷ്, ഡോ. സംഗീത ജോസഫ്, ഡോ. റ്റി.എസ്. സിദ്ധാര്‍ഥ്, ഡോ. അനു വര്‍ഗീസ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ജി. ശ്രീകല, റോട്ടറി ക്ലബ് പ്രതിനിധി എം. ദേവരാജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY