പ്രവാസികളുടെ നിക്ഷേപങ്ങള്‍ക്കായി പ്രവാസിനിക്ഷേപ ബോര്‍ഡ് വരുന്നുവെന്ന് മുഖ്യമന്ത്രി

180

മനാമ: പ്രവാസികളുടെ നിക്ഷേപങ്ങള്‍ക്കായി പ്രവാസിനിക്ഷേപ ബോര്‍ഡ് വരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി. ബഹറിനില്‍ ആണ് ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്. ബഹ്റിനില്‍ എത്തിയ മുഖ്യമന്ത്രിക്ക് മലയാളികള്‍ നല്‍കിയ പൌരസ്വീകരണത്തിലാണ് ഈ പ്രഖ്യാപനം. പ്രവാസികളുടെ ക്ഷേമത്തിനും അവരുടെ പുനരധിവാസത്തിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. പ്രവാസികളുടെ നിക്ഷേപത്തിന് പൂര്‍ണസുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് പ്രവാസിനിക്ഷേപബോര്‍ഡ്. ചെറുകിട-ഇടത്തരം നിക്ഷേപങ്ങളായിരിക്കും ഈ ബോര്‍ഡുവഴി സമാഹരിച്ച്‌ വിവിധതൊഴില്‍ സംരംഭങ്ങളിലേക്ക് നല്‍കും. വന്‍കിട നിക്ഷേപങ്ങള്‍ സ്വീകരിക്കാനായി ഇപ്പോഴുള്ള കിഫ്ബിക്ക് പുറമെയായിരിക്കും പുതിയ നിക്ഷേപ ബോര്‍ഡ്. പ്രവാസിക്ഷേമം കാര്യക്ഷമമായി നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള നോര്‍ക്കയുടെ പ്രവര്‍ത്തനവും പുനഃക്രമീകരിക്കും. ഈ വര്‍ഷംതന്നെ അതിന്റെ ഗുണം പ്രവാസികള്‍ക്ക് തിരിച്ചറിയാനാവും. മുഖ്യമന്ത്രി പറഞ്ഞു. ചുരുങ്ങിയ ചെലവില്‍ ചികിത്സ നല്‍കാന്‍ എല്ലാ ഗള്‍ഫ് നാടുകളിലും കേരളാ ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. പ്രൊഫഷണല്‍ വിദ്യാഭ്യാസസൗകര്യം ഉറപ്പാക്കാനായി പ്രത്യേകസ്ഥാപനങ്ങള്‍ തുറക്കാനും ആലോചനയുണ്ട്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ ബഹ്റൈനില്‍ ഒരു എന്‍ജിനീയറിങ് കോളേജ് ആരംഭിക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബഹ്റൈന്‍ ഭരണാധികാരികള്‍ ഇതിനോട് അനുകൂല സമീപനം സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY