കോഹ്‍ലിക്ക് സെഞ്ചുറി : ആദ്യദിനം ഇന്ത്യ മൂന്നിന് 267

238

ഇന്‍ഡോര്‍ • ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ മികവില്‍ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നാട്ടില്‍ ടെസ്റ്റ് സെഞ്ചുറി നേടിയ കോഹ്ലിയുടെ (പുറത്താകാതെ 103) മികവില്‍ ആദ്യദിനം കളി അവസാനിപ്പിക്കുമ്ബോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ അജിങ്ക്യ രഹാനെയാണ് (79) കോഹ്‍ലിക്കൊപ്പം ക്രീസില്‍. പിരിയാത്ത നാലാം വിക്കറ്റില്‍ ഇരുവരും 167 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.ടെസ്റ്റില്‍ കോഹ്ലിയുടെ പതിമൂന്നാം സെഞ്ചുറിയാണിത്. 191 പന്തില്‍ 10 ബൗണ്ടറികളുള്‍പ്പെടെയാണ് കോഹ്‍ലി 103 റണ്‍സെടുത്തത്.

2013 ഫെബ്രുവരിയില്‍ ചെന്നൈയില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് നാട്ടില്‍ കോഹ്‍ലി അവസാനമായി സെഞ്ചുറി നേടിയത്. അതിനുശേഷം നാട്ടില്‍ കളിച്ച 17 ഇന്നിങ്സുകളിലും കോഹ്‍ലിക്ക് മൂന്നക്കത്തിലേക്കെത്താനായിരുന്നില്ല. 172 പന്തുകള്‍ നേരിട്ട രഹാനെയാകട്ടെ, ഒന്‍പത് ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 79 റണ്‍സെടുത്തും പുറത്താകാതെ നില്‍ക്കുന്നു.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ശിഖര്‍ ധവാനുപകരം മുരളി വിജയിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത് ഗൗതം ഗംഭീര്‍. ഇരുവരും ചേര്‍ന്ന് ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും സ്കോര്‍ 26ല്‍ എത്തിയപ്പോള്‍ 10 റണ്‍സുമായി മുരളി വിജയ് മടങ്ങി. 18 പന്തില്‍ രണ്ടു ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു വിജയിന്റെ ഇന്നിങ്സ്. പിന്നീടെത്തിയത് ചേതേശ്വര്‍ പൂജാര. സ്കോര്‍ 60ല്‍ എത്തിയപ്പോള്‍ ഗംഭീറും മടങ്ങി. ബൗള്‍ട്ടിന്റെ പന്തില്‍ എല്‍ബിയായി പുറത്താകുമ്ബോള്‍ 29 റണ്‍സായിരുന്നു ഗംഭീറിന്റെ സമ്ബാദ്യം. മൂന്നു ബൗണ്ടറിയും രണ്ടു സിക്സും ഉള്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്.
പൂജാരയ്ക്കൊപ്പം കോഹ്‍ലി ചേര്‍ന്നതോടെ ഇന്ത്യന്‍ ഇന്നിങ്സിന് ജീവന്‍ വച്ചു. ഇന്ത്യന്‍ സ്കോര്‍ മൂന്നക്കത്തിലെത്തിയതിനു തൊട്ടുപിന്നാലെ പൂജാരയും മടങ്ങി. ആദ്യ രണ്ട് ടെസ്റ്റുകളുടെ രണ്ട് ഇന്നിങ്സുകളിലും അര്‍ധസെഞ്ചുറി നേടിയ പൂജാര, ഇത്തവണ അര്‍ധസെഞ്ചുറിക്ക് ഒന്‍പത് റണ്‍സ് അകലെ മടങ്ങി. സാന്റ്നറിനായിരുന്നു വിക്കറ്റ്. തുടര്‍ന്നായിരുന്നു ഇന്ത്യന്‍ ഇന്നിങ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. നാലാം വിക്കറ്റില്‍ രഹാനെ-കോഹ്‍ലി സഖ്യം ഇതുവരെ 167 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അതിനിടെ, ടെസ്റ്റില്‍ രഹാനെ 2000 റണ്‍സ് തികയ്ക്കുന്നതിനും സ്റ്റേഡിയം സാക്ഷിയായി. ഇന്ത്യയ്ക്കായി ഈ നേട്ടം കൈവരിക്കുന്ന 36-ാം താരമാണ് രഹാനെ.

NO COMMENTS

LEAVE A REPLY