കൊല്ലം ചാത്തന്നൂരില്‍ യുവാവിനെ കൊന്നു വഴിയരികില്‍ തള്ളിയ നിലയില്‍

185

കൊല്ലം: യുവാവിനെ കൊന്നു വഴിയരികില്‍ തള്ളിയ നിലയില്‍. ചാത്തന്നൂരിന് സമീപം ഇത്തിക്കര-ഓയൂര്‍ റോഡില്‍ കൊച്ചു പാലത്തിന് സമീപം റോഡ് വശത്ത് മൃതദേഹം കണ്ടെത്തി. 40 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കാണപ്പെട്ടത്. പുലര്‍ച്ചെ മൂന്നരയോടെയാണ് മൃതദേഹം കണ്ടത്. സ്ഥലത്ത് ഒരു കാര്‍ അസ്വാഭാവികമായി നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് അടുത്തെത്തിയ വഴിയാത്രക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. വഴിയാത്രക്കാര്‍ എത്തിയപ്പോഴേയ്ക്കും മൃതദേഹത്തിന് അടുത്ത് നിര്‍ത്തിയിരുന്ന കാര്‍ അമിതവേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. കാര്‍ ഓയൂര്‍ ഭാഗത്തേക്കാണ് പോയതെന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. അഞ്ചര അടിയോളം ഉയരവും ഇരു നിറവുമുള്ള പുരുഷന്‍ ചുവന്ന ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. അയാളുടെതെന്ന് കരുതുന്ന മുണ്ട് അല്പം അകലെ നിന്നും കണ്ടെടുത്തു. ചെവിയോട് ചേര്‍ന്ന് ഒരു മുറിവും മുതുകത്ത് അടിയേറ്റ പാടുകളും ഉള്ളതായി പോലീസ് സ്ഥിരീകരിച്ചു. ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ചാത്തന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.