ബഹുസ്വരത കാത്തുസൂക്ഷിക്കുന്നതില്‍ ബിനാലെയുടെ പങ്ക് നിസ്തുലം: സുധീര്‍ പട്‌വര്‍ധന്‍

275

കൊച്ചി: ഇന്ത്യയെന്ന വൈവിദ്ധ്യമാര്‍ന്ന സമൂഹത്തിന്റെ ബഹുസ്വരത കാത്തു സൂക്ഷിക്കുന്നതില്‍ ബിനാലെ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ടെന്ന് പ്രദര്‍ശനം കാണാനെത്തിയ അന്താരാഷ്ട്ര പ്രശസ്തരായ കലാകാരന്മാര്‍ അഭിപ്രായപ്പെട്ടു. ലോകമെമ്പാടും അഭിപ്രായസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാലഘട്ടത്തില്‍ ബിനാലെ സുവ്യക്തമായ രാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്നുവെന്ന് ചിത്രകാരന്‍ സുധീര്‍ പട്‌വര്‍ധന്‍ പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഭിപ്രായ സ്വാതന്ത്ര്യവും വെല്ലുവിളിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെമ്പാടും അഭിപ്രായ സ്വാതന്ത്ര്യം ഭീഷണി നേരിടുകയാണ്. ഈ ഘട്ടത്തില്‍ കലാപ്രദര്‍ശനങ്ങള്‍ക്ക് സമൂഹത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ കഴിയും. കൊച്ചി-മുസിരിസ് ബിനാലെ ചെയ്യുന്നതും ഇതാണെന്ന് രണ്ടാം ബിനാലെയില്‍ പങ്കെടുത്ത ആര്‍ട്ടിസ്റ്റ് കൂടിയായ സുധീര്‍ പറഞ്ഞു.

ബിനാലെ പ്രദര്‍ശനങ്ങള്‍ക്കൊപ്പം തന്നെ ഏറെ ആകര്‍ഷിച്ചത് സ്റ്റുഡന്റ്‌സ് ബിനാലെയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതികവിദ്യകള്‍ സമകാലീന കലയില്‍ ഉപയോഗിക്കാന്‍ പലരും മടിക്കാറുണ്ട്. സാങ്കേതികവിദ്യയുടെ കടന്നു വരവ് സര്‍ഗ്ഗാത്മകതയെ ഇല്ലാതാക്കുമെന്ന് വിമര്‍ശിക്കുന്നവരും കുറവല്ല. എന്നാല്‍ സര്‍ഗ്ഗാത്മകത ചോര്‍ന്നു പോകാതെ വിദ്യാര്‍ത്ഥികള്‍ മള്‍ട്ടിമീഡിയ അടിസ്ഥാനമാക്കി ഒരുക്കിയ പല പ്രതിഷ്ഠാപനങ്ങളും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയെക്കുറിച്ച് കാര്യമായ അറിവില്ലാതെ ഇവിടെയെത്തിയ തനിക്ക് കൊച്ചി ബിനാലെ വൈവിദ്ധ്യങ്ങളുടെ കലവറയാണ് തുറന്നു തന്നതെന്ന് ഹംഗറിയിലെ ബുഡാപെസ്റ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യൂറേറ്റര്‍ റോന കോപെസ്‌കിപറഞ്ഞു. ബിനാലെയുടെ എല്ലാ വേദികളും മനോഹരമാണ്. നാഗരികമായ അന്തരീക്ഷത്തില്‍ ഇത്ര കലാമൂല്യമുള്ള പ്രദര്‍ശനം ഒരുക്കുന്നതില്‍ വേദികളുടെ അന്തരീക്ഷം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ബഹുസ്വരമായ സാംസ്‌കാരിക തനിമ നിലനിറുത്തുവാനും ബിനാലെ ശ്രദ്ധിച്ചിരിക്കുന്നു. സീ ഓഫ് പെയിന്‍, പിരമിഡ് തുടങ്ങിയ സൃഷ്ടികള്‍ ഉള്ളില്‍ തട്ടുന്നവയാണെന്നും ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന അവര്‍ പറഞ്ഞു. പ്രാദേശിക ജനതയുടെ പങ്കാളിത്തമാണ് കൊച്ചി ബിനാലെയില്‍ തന്നെ ഏറെ ആകര്‍ഷിച്ചത്. സ്‌കൂളുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, തുടങ്ങിയവയെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ഇത് സംഘാടകര്‍ സാധ്യമാക്കിയതെന്നും അവര്‍ നിരീക്ഷിച്ചു. ഓസ്‌ട്രേലിയന്‍ ക്യൂറേറ്ററായ സെബാസ്റ്റ്യന്‍ ഗോള്‍ഡ്‌സ്പിങ്കും ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാനെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY