ബിനാലെ കലാകാരന്‍ അബിര്‍ കര്‍മാകറിന് ഏഷ്യ ആര്‍ട്‌സ് ഫ്യൂച്ചര്‍ അവാര്‍ഡ്

208

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ 2016ല്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കലാകാരന്‍ അബിര്‍ കര്‍മാകര്‍ മികച്ച സമകാലീന കലാകാരന്മാര്‍ക്കുള്ള ഏഷ്യ ആര്‍ട്‌സ് ഫ്യൂച്ചര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. ന്യൂഡല്‍ഹിയില്‍ നടന്ന ‘ഏഷ്യ ആര്‍ട്‌സ് അവാര്‍ഡ്‌സ്’ ചടങ്ങില്‍ കലാ സമ്പാദകയും കൊച്ചി മുസിരിസ് ബിനാലെ രക്ഷാധികാരിയുമായ രാധിക ചോപ്രയില്‍നിന്ന് കര്‍മാകര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

ബിനാലെ ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടിയുള്‍പ്പെടെയുള്ള ക്യുറേറ്റര്‍മാര്‍, നൂറ്റന്‍പതോളം കലാകാരന്‍മാര്‍, ആര്‍ട് കലക്ടര്‍മാര്‍, കലാപ്രവര്‍ത്തകര്‍ എന്നിവര്‍ താജ് മാന്‍സിങ് ഹോട്ടലില്‍ നടന്ന ചടങ്ങിന് സാക്ഷികളായി. ബിംബങ്ങളുടെ ധാരാളിത്തത്തിലൂടെ അവതരിപ്പിക്കുന്ന അസ്തിത്വപരമായ ശൂന്യതയില്‍ കാഴ്ചക്കാരന്റെ അവബോധത്തെ മാറ്റിമറിക്കുന്നവയാണ് കര്‍മാകറിന്റെ സൃഷ്ടികളെന്ന് അവാര്‍ഡ് ദാനച്ചടങ്ങില്‍ ബിനാലെ ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി പറഞ്ഞു.

സൃഷ്ടിയുടെ ആശയത്തെ ഏറെ കയ്യടക്കത്തോടെ രൂപപ്പെടുത്തുമ്പോഴാണ് കലാകാരന്‍ ലക്ഷ്യം നേടുന്നത്. അബിറില്‍ ഈ കയ്യടക്കവും സൃഷ്ടിയുടെ ആശയവും രണ്ടായി കാണപ്പെടുന്നില്ല. അവയെ വേര്‍പിരിക്കാനാവില്ല. തന്റെ മുംബൈ സ്റ്റുഡിയോയില്‍ കര്‍മാകറിന്റെ പെയ്ന്റിങ് സൂക്ഷിച്ചിട്ടുണ്ടെന്നും സുദര്‍ശന്‍ ഷെട്ടി അറിയിച്ചു.

വിശാലമായ കാന്‍വാസിലുള്ള ഹോം എന്ന എണ്ണച്ചായ ചിത്രമാണ് ബറോഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അബിര്‍ കര്‍മാകര്‍ ബിനാലെയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ശരാശരി ഇന്ത്യന്‍ ഇടത്തരക്കാരുടെ വീട്ടുകാഴ്ചകളാണ് കാശി ആര്‍ട് ഗാലറിയില്‍ പ്രദര്‍ശനത്തിനുള്ള ഈ പെയ്ന്റിങ്ങിലുള്ളത്. സ്വത്വത്തെയും വേരുകളില്ലായ്മയെയും സ്ഥലങ്ങളെയും സംബന്ധിച്ച ആശയങ്ങളാണ് ഹോമില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും കര്‍മാകര്‍ പറഞ്ഞു. അപരിചിതമായ സ്ഥലത്ത് പരിചിതമായ കാഴ്ചകളൊരുക്കി, വീടെന്നാല്‍ തങ്ങള്‍ക്കെന്താണെന്നു ചിന്തിക്കാന്‍ കാഴ്ചക്കാരെ പ്രേരിപ്പിക്കുകയാണ്.

പ്രൗഢമായ ഈ പുരസ്‌കാരം അഭിമാനം നല്‍കുന്നുവെന്നും ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന സൃഷ്ടിക്കൊപ്പം തന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്കാകെയുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും അബിര്‍ പ്രതികരിച്ചു. ബിനാലെയിലേക്ക് സുദര്‍ശന്‍ ഷെട്ടി ക്ഷണിക്കുമ്പോള്‍ വ്യത്യസ്തമായതെന്തെങ്കിലും അവതരിപ്പിക്കണമെന്നാണു ചിന്തിച്ചത്. കാഴ്ചക്കാര്‍ക്ക് അത് ഏറെ ഇഷ്ടമാകുന്നുവെന്നറിയുമ്പോള്‍ സന്തോഷമുണ്ടെന്നും കര്‍മാകര്‍ പറഞ്ഞു.

നഗ്ന സെല്‍ഫ് പോര്‍ട്രെയ്റ്റുകളാണ് അബിറിന്റെ സൃഷ്ടികളിലേറെയും. അതിലൂടെ ലൈംഗികതയെയും വ്യക്തിത്വത്തിന്റെ ദ്രവ്യസ്വഭാവത്തെയും വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ് കലാകാരന്‍.

സമകാലീന കലയെപ്പറ്റി ശക്തമായ ധാരണ പകരാനും സ്വന്തം മേഖലയില്‍ അത് വ്യാഖ്യാനിക്കാനും മികച്ച ശ്രമം നടത്തുന്ന ചിത്രകാരന്മാര്‍ക്കായാണ് ഏഷ്യ ആര്‍ട്‌സ് ഫ്യൂച്ചര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോകസമൂഹത്തിന് ഏഷ്യയെപ്പറ്റി കൂടുതല്‍ തിരിച്ചറിവു പകരാനായി പ്രവര്‍ത്തിക്കുന്ന ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച അവാര്‍ഡ് ദാനച്ചടങ്ങിന് രാജ്യം ആദ്യമായാണ് വേദിയാകുന്നത്.

NO COMMENTS

LEAVE A REPLY