കേരളത്തിന്റെ പൊക്കാളി കേമം: അന്താരാഷ്ട്ര സസ്യശാസ്ത്രസമൂഹം

237

തിരുവനന്തപുരം: ഉപ്പുവെള്ളത്തെ പ്രതിരോധിച്ച്, കീടങ്ങളോട് പോരാടി, വെള്ളക്കെട്ടിലും തലയുയര്‍ത്തിനില്‍ക്കുന്ന കേരളത്തിന്റെ തനതു കേമന്‍ നെല്ലിനമായ പൊക്കാളിയെ ‘സ്മാര്‍ട്ട് പ്ലാന്റ്’ ആക്കാനൊരുങ്ങി രാജ്യാന്തര ശാസ്ത്ര സമൂഹം.

ഭൂമിക്കു ഭീഷണിയായ ലവണത്വം, കാലാവസ്ഥാ വ്യതിയാനം, വരള്‍ച്ച, രോഗങ്ങള്‍, കീടങ്ങള്‍ തുടങ്ങിയ വെല്ലുവിളികളെ നേരിട്ട് വിളവുവര്‍ദ്ധന ഉറപ്പുവരുത്തുന്നതില്‍ പഠനം നടത്തുന്ന ഇന്ത്യയിലെയും വിദേശത്തേയും ഗവേഷകര്‍ക്കിടയില്‍ ഉയര്‍ന്ന പ്രോട്ടീന്‍ശേഖരമുള്ള പൊക്കാളി ഏറെ ജനപ്രിയമാണെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയും (ആര്‍ജിസിബി) യൂറോപ്പ്യന്‍ മോളിക്ക്യുലര്‍ ബയോളജി ഓര്‍ഗനൈസേഷനും (ഇഎംബിഒ) സംയുക്തമായി സംഘടിപ്പിക്കുന്ന ചതുര്‍ദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

ഓക്‌ലഹോമ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. രാമന്‍ജുലു സുന്‍കര്‍, ഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജെനറ്റിക് എന്‍ജിനീയറിംഗ് ആന്‍ഡ് ബയോടെക്‌നോളജിയിലെ ശാസ്ത്രജ്ഞ നീതി സനന്‍-മിശ്ര എന്നിവര്‍ പൊക്കാളി നെല്ലില്‍ നടത്തിയ ഗവേഷണങ്ങളില്‍ നൂതന അറിവുകളാണ് പുറത്തുവന്നിരിക്കുന്നത്. വെള്ളത്തിന്റെ ഉപ്പിന്റെ സാന്നിധ്യം, വരള്‍ച്ച, ഉയര്‍ന്ന താപനില തുടങ്ങി ഉല്പാദനക്ഷമതയെ ബാധിക്കുന്ന ഘടകങ്ങളെ അതിജീവിക്കാന്‍ കഴിവുള്ള ‘സ്മാര്‍ട്ട് പ്ലാന്റുകള്‍’ വികസിപ്പിച്ചെടുക്കാന്‍ ഈ കണ്ടെത്തലുകള്‍വഴി സാധിക്കും. ഇന്ത്യയില്‍ ആദ്യമായി നടത്തുന്ന ഈ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മുപ്പതോളം ശാസ്ത്രജ്ഞരില്‍ ഉള്‍പ്പെട്ടവരാണ് പ്രൊഫ. സുന്‍കറും നീതി സനന്‍-മിശ്രയും.

പ്രൊഫ. സുന്‍കര്‍ 2005-ലാണ് നെല്ലില്‍ ആദ്യമായി മൈക്രോ ആര്‍എന്‍എ കണ്ടെത്തുന്നത്. ഐആര്‍29 പോലെയുള്ള ഉയര്‍ന്നവിളവുള്ളതും ലവണസഹനശേഷിയില്ലാത്തതുമായ നെല്ലിനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മൈക്രോ ആര്‍എന്‍എകള്‍ എങ്ങനെയാണ് ലവണസഹനശേഷിയുള്ള പൊക്കാളിയെ സഹായിക്കുന്നത് എന്നു കണ്ടെത്താനുള്ള ശ്രമങ്ങളാണ് അതിനുശേഷം അദ്ദേഹത്തിന്റെ ലാബില്‍ തുടര്‍ച്ചയായി നടക്കുന്നത്. ഈ താരതമ്യങ്ങളിലൂടെ ഇപ്പോള്‍തന്നെ നിരവധി സൂചനകള്‍ ലഭിച്ചതായും ഇവയെ കൂടുതല്‍ പഠനവിധേയമാക്കുമെന്നും അദ്ദേഹം പറയുന്നു.

രണ്ടുതരം നെല്ലിനങ്ങള്‍ തമ്മിലെ താരതമ്യ പഠനമാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് നീതി സനന്‍-മിശ്ര പറയുന്നു. ലവണസഹനശേഷിയുള്ള പൊക്കാളി പോലെയുള്ള ഒരിനവും ലവണസഹനശേഷിയില്ലാത്ത ഐആര്‍29, ബസ്മതി പോലെയുള്ള മറ്റൊരിനവും. ലവണത്വം കൂടുതലുള്ള അവസ്ഥയിലും നല്ല വിളവ് നല്‍കാന്‍ പൊക്കാളിയെ അനുവദിക്കുന്ന ത•ാത്ര ഏതാണെന്ന് കണ്ടെത്താനാണ് ഈ താരതമ്യത്തിലൂടെ ശ്രമിക്കുന്നത്. ഇപ്പോള്‍ ഗവേഷണം പ്രാരംഭഘട്ടത്തിലാണ്. പക്ഷേ ഫലങ്ങല്‍ പോസിറ്റീവ് ആയിരിക്കുന്നത് വളരെയധികം ആത്മവിശ്വാസം തരുന്നതായും നീതി കൂട്ടിച്ചേര്‍ത്തു.

ഉപ്പിനെ പ്രതിരോധിക്കാനുള്ള ശേഷി പൊക്കാളിക്ക് 2008ല്‍ ജോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ (ജിഐ) ടാഗ് നേടിക്കൊടുത്തിരുന്നു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലാണ് പൊക്കാളി വളരുന്നത്. ആഗോളതലത്തില്‍തന്നെ കൃഷിക്ക്, വിശേഷിച്ചും ധാന്യങ്ങളില്‍തന്നെ നെല്‍കൃഷിക്ക് പ്രധാന വെല്ലുവിളിയാണ് മണ്ണില്‍ വര്‍ദ്ധിച്ചുവരുന്ന ഉപ്പിന്റെ അംശം. പൊക്കാളിയുടെ ലവണസഹനശേഷിയുടെ രഹസ്യം കണ്ടെത്തുന്നതുവഴി മറ്റുവിളകളിലും ഈ പ്രതിരോധശേഷി ജനിതക എന്‍ജിനീയറിംഗിലൂടെ ഉയര്‍ത്താനും ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

മണ്ണില്‍ വര്‍ദ്ധിക്കുന്ന ലവണത്വമാണ് ഇന്നത്തെ ലോകം നേരിടുന്ന പ്രധാന പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ഒന്നെന്ന് സമ്മേളന സംഘാടകനായ ആര്‍ജിസിബി ഡയറക്ടര്‍ ഡോ. രാധാകൃഷ്ണപിള്ള പറയുന്നു. ഉയരുന്ന ജനസംഖ്യയ്ക്കായി കൂടുതല്‍ ഭക്ഷണം ഉദ്പാദിപ്പിക്കേണ്ട ആവശ്യമുണ്ട്. ജലദൗര്‍ലഭ്യവും കൃഷിയോഗ്യമായ സ്ഥലത്തിന്റെ ദൗര്‍ലഭ്യവും അതിജീവിച്ച് വിളവ് വര്‍ദ്ധിപ്പിക്കുന്നതാണ് ഇന്ന് ശാസ്ത്രസാങ്കേതികലോകം നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ സസ്യ ഫിസിയോളജിസ്റ്റും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറും പദ്മശ്രീ ജേതാവുമായ ഡോ. സുധീര്‍ സൊപോരിയും ലവണത്വം, താപനില, പോഷകഘടകങ്ങളുടെ വ്യത്യാസം എന്നിവയെ പൊക്കാളി നേരിടുന്നതും അതിജീവിക്കുന്നതും എങ്ങനെ എന്ന് ഗവേഷണം നടത്തിയിട്ടുണ്ട്. ലവണത്വം പോലെയുള്ള പ്രതികൂല സാഹചര്യങ്ങളെ നേരിടുമ്പോള്‍ അതിനെ അതിജീവിക്കാനായി പൊക്കാളി ചില നിര്‍വീര്യമാക്കല്‍ പ്രക്രിയകള്‍ നടത്തുന്നതായി നേരത്തെ നടത്തിയ നെല്ലിന താരതമ്യ പഠനങ്ങളില്‍നിന്ന് വിലയിരുത്തിയിരുന്നതായി ഡോ. സൊപോരി പറഞ്ഞു.

NO COMMENTS

LEAVE A REPLY