ഭക്ഷണം കേവലം പദാര്‍ത്ഥമല്ല: കാണികളെ ഇരുത്തി ചിന്തിപ്പിച്ച് കരോലിന ബ്രസുസന്‍

253

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയില്‍ ഇന്നലെ (ജനു.21) നടന്നത് വ്യത്യസ്തമായ ഭക്ഷ്യമേള. വിഭവങ്ങള്‍ ആരും മുമ്പ് കേട്ടിരിക്കില്ല. ചെരുപ്പിന്റെയോ ബാഗിന്റെയോ തോല്‍ക്കഷണം, കളിമണ്ണ്, പെട്രോളിന്റെ മണവും ചുവയുമുള്ള വെള്ളം, കരിഞ്ഞ പഞ്ചസാര ഇങ്ങിനെ പോകുന്നു അവ. പോളണ്ട് സ്വദേശിയായ ആര്‍ട്ടിസ്റ്റ് കരോലിന ബ്രസുസന്‍ ഗവേഷണം നടത്തിയത് വിശപ്പിനെക്കുറിച്ചാണ്. കടുത്ത ദാരിദ്രമനുഭവിക്കുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ എങ്ങിനെ ജീവിക്കുന്നുവെന്നറിയുകയായിരുന്നു ലക്ഷ്യം. അതിനുവേണ്ടി ബ്രിട്ടീഷ് ഇന്ത്യയിലെ കുപ്രസിദ്ധമായ ബംഗാള്‍ ക്ഷാമത്തെക്കുറിച്ച് പഠിക്കാനാണ് ഇവിടെയെത്തിയത്. കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തില്‍ അവരുടെ പ്രകടനത്തിന് പേര് നല്‍കിയത് ‘ഭക്ഷണം കേവലം പദാര്‍ത്ഥമല്ല(ഫുഡ് ഇസിന്റ് ആന്‍ ഓബ്ജക്ട്)’ എന്നായിരുന്നു.

ലോകമെങ്ങും വിശപ്പ് ഒരുപോലെയാണെന്ന് കരോലിന തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ വിവിധ ഭൂപ്രദേശങ്ങളിലുള്ളവര്‍ തങ്ങളുടേയതായ ഭക്ഷണം കണ്ടുപിടിക്കുകയും അത് കഴിക്കാന്‍ പാകത്തിനാക്കുകയും ചെയ്യുന്നു. കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ സമുച്ചയത്തിലാണ് കരോലിന തന്റെ പ്രകടനം ഒരുക്കിയത്. രണ്ട് കണ്ണാടികളിലായി വിവിധ തരം അതിജീവന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒരുക്കിയിരിക്കുന്നു. തോല്‍കഷണം, അതു കൊണ്ടുണ്ടാക്കിയ സോസ്, കുതിര്‍ത്ത പച്ച ഗോതമ്പ്, മുരിങ്ങയില, ഉണക്കിയ ഉരുളക്കിഴങ്ങ് തൊലി, സവാള, വിവിധ തരം കളിമണ്ണ്, ഉപ്പ്, കരിഞ്ഞ പഞ്ചസാര, സിറിയയിലും മറ്റും കിട്ടുന്ന പെട്രോള്‍മണവും സ്വാദുമുള്ള കുടിവെള്ളം, എന്നിങ്ങനെ മനുഷ്യന് ജീവിക്കാനാവശ്യമായ എല്ലാ മൂലകങ്ങളും ലഭിക്കുന്ന ഭക്ഷണമാണിത്. കാഴ്ചക്കാര്‍ക്ക് വേണമെങ്കില്‍ രുചിച്ചു നോക്കുകയും ചെയ്യാമെന്ന പ്രത്യേകതയുണ്ട്.

ലോകത്ത് ഇങ്ങിനെയും മനുഷ്യര്‍ ജീവിക്കുന്നു എന്ന് കാണിക്കുന്നതിനു വേണ്ടിയാണ് കരോലിന ഇത്തരം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നത്. ബംഗാളില്‍ പത്തുലക്ഷം ആളുകള്‍ വിശന്നു മരിക്കുമ്പോള്‍ അവരുടെ പക്കല്‍നിന്ന് തട്ടിക്കൊണ്ടുപോയ ധാന്യങ്ങള്‍ യൂറോപ്പിലെ വെള്ളപടയാളികള്‍ക്ക് പാകം ചെയ്തു നല്‍കുകയായിരുന്നു. ലോകത്തിലെ ദാരിദ്ര്യത്തിന് പ്രധാന കാരണം യുദ്ധങ്ങളാണെന്നും കരോലിന പറയുന്നു. ഇതിന്റെ ദുരിതം പേറേണ്ടത് സാധാരണക്കാരാണ്. യുദ്ധം മൂലം സിറിയയില്‍നിന്നും ഒഴുകിയെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ മറ്റ് രാജ്യങ്ങള്‍ വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ്. സ്വന്തം പൗരന്മാര്‍ക്ക് നല്‍കാനുള്ള ഭക്ഷണം മറ്റു ജനങ്ങള്‍ക്ക് കൂടി നല്‍കേണ്ടി വരുമോയെന്ന ആശങ്കയാണ് ഇവര്‍ക്കുള്ളതെന്നും കരോലിന പറഞ്ഞു.

യാത്ര ചെയ്ത അനുഭവത്തില്‍ നിന്നാണ് വിവിധ ഭൂപ്രദേശങ്ങളിലെ ഇത്തരം ഭക്ഷണ ശീലങ്ങള്‍ മനസിലാക്കിയതെന്ന് കരോലിന പറഞ്ഞു. ഇത് ലോകത്തെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. അതിന് ബിനാലെയെക്കാള്‍ മികച്ച വേദിയില്ലെന്നും കരോലിന പറഞ്ഞു. രാഷ്ട്രീയവും മതപരവും ദേശബന്ധിതവുമായ വിമര്‍ശനമാണ് കരോലിനയുടെ പ്രകടനമെന്ന് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ചൂണ്ടിക്കാട്ടി. അതിജീവനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഭക്ഷണം. വളരെ ഗവേഷണങ്ങള്‍ക്കൊടുവില്‍ ഇത്തരം ഒരു പ്രദര്‍ശനത്തിലൂടെ അവര്‍ മുന്നോട്ടു വയ്ക്കുന്നത് എന്തും ഭക്ഷണമാക്കാം എന്നതല്ല, മറിച്ച് യുദ്ധത്തിനെതിരായ അതിര്‍ത്തികള്‍ക്കതീതമായ വിമര്‍ശന പ്രസ്താവനയാണെന്ന് ബോസ് ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY