55 കലാവിദ്യാലയങ്ങള്‍, പങ്കെടുക്കാന്‍ 350 വിദ്യാര്‍ഥികള്‍ : സ്റ്റുഡന്റ്‌സ് ബിനാലെ ഡിസംബര്‍ 13ന്

185

കൊച്ചി : ഇന്ത്യയിലെ സമാനതകളില്ലാത്ത കലാമേളയായ കൊച്ചിമുസിരിസ് ബിനാലെയോടനുബന്ധിച്ച് 55 വിദ്യാലയങ്ങളില്‍ നിന്ന് 350 വിദ്യാര്‍ഥികള്‍ ഒരുക്കുന്ന പ്രദര്‍ശനവുമായി സ്റ്റുഡന്റ്‌സ് ബിനാലെയുടെ രണ്ടാം പതിപ്പ് എത്തുന്നു. കൊച്ചി ബിനാലെ ആരംഭിക്കുന്നതിന്റെ അടുത്ത ദിവസമായ ഡിസംബര്‍ 13ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സ്റ്റുഡന്റ്‌സ് ബിനാലെ ഉദ്ഘാടനം ചെയ്യും. ഫോര്‍ട്ട്‌കൊച്ചിയിലെ ഏഴ് വേദികളിലായാണ് വിദ്യാര്‍ഥി ബിനാലെ നടക്കുക.

കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഇന്ത്യയിലെ സമകാലീന കലാവിദ്യാഭ്യാസ പ്രചരണ പരിപാടിയുടെ പ്രധാന ഭാഗമാണ് 2014ല്‍ ആരംഭിച്ച് സ്റ്റുഡന്റ്‌സ് ബിനാലെ. ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ കണ്‍ടെംപററി ആര്‍ട്ട് (ഫിക), ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്ട് ആന്‍ഡ് എജ്യുക്കേഷന്‍(എഫ്‌ഐഎഇ) എന്നിവയുമായി സഹകരിച്ച് നടക്കുന്ന സ്റ്റുഡന്റ്‌സ് ബിനാലെയ്ക്ക ്ടാറ്റ ട്രസ്റ്റിന്റെ പിന്തുണയുണ്ട്.

വളര്‍ന്നുവരുന്ന 15 ക്യുറേറ്റര്‍മാരുടെ പ്രയത്‌നഫലമായ പദ്ധതിയിലൂടെ ഇന്ത്യയിലുടനീളമുള്ള കലാവിദ്യാലയങ്ങളുമായി ബന്ധപ്പെടുകയും വിദ്യാര്‍ഥികളെ അവരുടെ സൃഷ്ടികള്‍ അന്താരാഷ്ട്ര വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഒരു ആഗോള കലാമേളയുടെ ഊര്‍ജ്ജം കലാവിദ്യാഭ്യാസ സംവിധാനത്തിനുള്ളിലാക്കി പാഠ്യപദ്ധതിയുടെയും പ്രദര്‍ശനത്തിന്റെയും ചട്ടക്കൂടുകള്‍ക്കപ്പുറം കടന്നുചെല്ലുന്നതിന് വിദ്യാര്‍ഥികളെ സ്റ്റുഡന്റ്‌സ് ബിനാലെ പ്രേരിപ്പിക്കുന്നു.
2016 ഡിസംബര്‍ 12 മുതല്‍ 2017 മാര്‍ച്ച് 29 വരെ നടക്കുന്ന ബിനാലെയിലൂടെ വിദ്യാര്‍ഥികള്‍ക്കും ക്യുറേറ്റര്‍മാര്‍ക്കും അഞ്ച്‌ലക്ഷത്തോളം കാണികള്‍ക്കു മുന്‍പില്‍ അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനാവും.

ലോകനിലവാരത്തിലുള്ള ഒരു കലാമേള സംഘടിപ്പിക്കുന്നതില്‍ ക്യുറേറ്ററുടെ പ്രവര്‍ത്തനത്തിലെ സൂക്ഷ്മതലങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് മനസിലാക്കിക്കൊടുക്കുക എന്നതാണ് സ്റ്റുഡന്റ്‌സ് ബിനാലെയുടെ ലക്ഷ്യം. സമകാലീന കലാലോകത്തില്‍ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനുള്ള കഴിവുകള്‍ നേടിയെടുക്കുന്നതിനൊപ്പം ഇന്ത്യയിലെ കലാവിദ്യാഭ്യാസത്തിന്റെ അവസ്ഥയെപ്പറ്റി ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവസരം ഒരുക്കുന്നു.

അദ്വൈത് സിംഗ്, ആര്യന്‍, അജിത് കുമാര്‍, ഫൈസ ഹസന്‍, സി.പി. കൃഷ്ണപ്രിയ, ഹര്‍ഷിത ബത്വാള്‍, നവീന്‍ മഹന്തേഷ്, നൊമന്‍ അമൗരി, പരിബര്‍ത്തന മൊഹന്തി, രാജ്യശ്രീ ഗൂഡി, സരോജിം ലെവിസ്, ശതവിഷ മസ്താന്‍, ശ്രുതി രാംലിംഗ, സുമിത്ര സുന്ദര്‍, വിവേക് ചൊക്കലിംഗ എന്നിവരാണ് സ്റ്റുഡന്റ്‌സ് ബിനാലെ 2016ന്റെ ക്യുറേറ്റര്‍മാര്‍.

കെബിഎഫ് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, കെഎംബി പ്രോഗ്രാംസ് ഡയറക്ടര്‍ റിയാസ് കോമു, എജ്യുക്കേഷന്‍ കണ്‍സല്‍ട്ടന്റ് മീന വാരി, ഫിക ഡയറക്ടര്‍ വിദ്യാ ശിവദാസ് എന്നിവരുള്‍പ്പെടുന്ന മാര്‍ഗനിര്‍ദേശകരുടെ പാനലാണ് നൂറുകണക്കിന് അപേക്ഷകരില്‍ നിന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇവരെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 45 സര്‍ക്കാര്‍ സ്‌കൂളുകളും 10 സ്വകാര്യ സ്‌കൂളുകളുമായി ഇന്ത്യയിലുടനീളമുള്ള 55 ആര്‍ട്ട്‌സ്‌കൂളുകളെ ഇവര്‍ സമീപിച്ചു. ഒരു ക്യുറേറ്റര്‍ക്ക് മൂന്നോ നാലോ സ്‌കൂള്‍ എന്ന കണക്കില്‍ സ്ഥാപന സന്ദര്‍ശനവും ശില്‍പ്പശാലസംഘാടനവും ഇടപെടലുകളും, ബിഎഫ്എ, എംഎഫ്എ വിദ്യാര്‍ഥികളുമായി സംവാദവും നടത്തി. ക്യുറേറ്റര്‍മാരുടെ വ്യക്തിതലയാത്രകളുടെയും ഗവേഷണത്തിന്റെയും താല്‍പ്പര്യങ്ങളുടെയും ഉള്‍ക്കാഴ്ച്ചകളുടെയുമെല്ലാം കൊട്ടിക്കലാശമായിരിക്കും സ്റ്റുഡന്റ്‌സ് ബിനാലെ 2016. ഇതോടൊപ്പം അനുബന്ധ പദ്ധതികളും ക്യുറേറ്റര്‍മാരുടെ ഇടപെടലുകളിലൂടെയുള്ള ആദ്യഘട്ട ഉത്പ്പന്നങ്ങളുടെ പ്രാദേശിക പ്രദര്‍ശനങ്ങള്‍ എന്നിവയുമുണ്ടാകും.

എം.കെ. ട്രേഡ്‌സ്, കോട്ടച്ചേരി ബ്രദേഴ്‌സ് ആന്‍ഡ് കമ്പനി, അര്‍ജ്ജുന ആര്‍ട്ട് ഗ്യാലറി, ഹെറിറ്റേജ് ആര്‍ട്ട്‌സ്, മട്ടാഞ്ചേരി ടെംപിള്‍ പ്രോപ്പര്‍ട്ടി, മുഹമ്മദ് അലി വെയര്‍ഹൗസ്, ഫാദി ഹാള്‍ എന്നിങ്ങനെ ഫോര്‍ട്ട്‌കൊച്ചിയിലെ ജൂതടൗണ്‍-മട്ടാഞ്ചേരിപ്രദേശങ്ങളിലെ ഏഴ് വേദികളിലായാണ് സ്റ്റുഡന്റ്‌സ് ബിനാലെ 2016 നടക്കുക.

ഷെര്‍ഗില്‍ സുന്ദരം ആര്‍ട്ട്‌സ്, റാസ ഫൗണ്ടേഷന്‍, ഗ്യാലറി എസ്‌പേസ് തുടങ്ങിയവര്‍ സ്റ്റുഡന്റ്‌സ് ബിനാലെയുടെ ബോര്‍ഡില്‍ വിദ്യാഭ്യാസ പങ്കാളികളായുണ്ട്. ഏഷ്യ ആര്‍ട്ട് ആര്‍ക്കൈവ്, പ്രൊ ഹെല്‍വെഷ്യ സ്വിസ് ആര്‍ട്ട് സ്‌കൗണ്‍സില്‍ തുടങ്ങിയ പ്രശസ്ത കലാസ്ഥാപനങ്ങളുമായും സഹകരിക്കുന്നുണ്ട്. മുംബൈയില്‍ സുധീര്‍ പട്‌വര്‍ദ്ധന്‍, ഡെല്‍ഹിയില്‍ ജീബെഷ് ബഗ്ചി, ശുക്ല സാവന്ത്, ബെലിന്ദര്‍ ധനോ, ഹൈദരാബാദില്‍ ശാരദാ നടരാജന്‍, ബംഗലൂരുവില്‍ രാഖി പെഷ്വാനി, ശാന്തിനികേതനില്‍ ശിവകുമാര്‍, വഡോദരയില്‍ ഇന്ദ്രപ്രമിത് റോയ്, അക്കിത്തം വാസുദേവന്‍, ബി.വി. സുരേഷ് എന്നിവരുള്‍പ്പെടുന്ന ഉപദേശകസംഘവും സ്റ്റുഡന്റ്‌സ് ബിനാലെയുടെ ക്യുറേറ്റര്‍മാര്‍ക്ക് ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY